അജ്ഞാത ശിശുവിന് മുലയൂട്ടി പൊലീസമ്മ
text_fieldsഹൈദരാബാദ്: സ്റ്റേഷനിൽ ഒരാൾ ഏൽപിച്ചുപോയ അജ്ഞാത ശിശു വിശന്നുകരയുന്നത് കണ്ടപ്പോൾ കോൺസ്റ്റബിൾ രവീന്ദറിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പ്രസവശേഷം വീട്ടിൽ വിശ്രമിക്കുന്ന ഭാര്യയും സമീപ സ്റ്റേഷനിലെ കോൺസ്റ്റബിളുമായ പ്രിയങ്കയെ വിവരം അറിയിച്ചു. ഒാടിയെത്തിയ പ്രിയങ്കയുടെ മുലയൂട്ടലിെൻറ സാന്ത്വനത്തിൽ കുഞ്ഞ് ശാന്തയായി. പുതുവത്സര ദിനത്തിലുണ്ടായ സഹാനുഭൂതിയുടെ പ്രകടനത്തിലൂടെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തിയിരിക്കുകയാണ് ഹൈദരാബാദിലെ പൊലീസ് ദമ്പതികളായ രവീന്ദറും പ്രിയങ്കയും. ബീഗംപെട്ട് വനിത പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് പ്രിയങ്ക. ഭർത്താവ് രവീന്ദർ അഫ്സൽഗഞ്ജ് സ്റ്റേഷനിലും. ആഴ്ചകളായി പ്രസവാവധിയിലാണ് പ്രിയങ്ക.
മുഹമ്മദ് ഇർഫാൻ എന്നയാളാണ് രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ചൊവ്വാഴ്ച അഫ്സൽഗഞ്ജ് സ്റ്റേഷനിൽ എത്തിച്ചത്. വെള്ളം കൊണ്ടുവരുന്നതുവരെ സൂക്ഷിക്കൂവെന്ന് പറഞ്ഞ് അജ്ഞാത യുവതിയാണ് ഇർഫാെൻറ കൈയിൽ കുഞ്ഞിനെ നൽകിയത്. ഏറെനേരം കാത്തെങ്കിലും യുവതി പിന്നീട് മടങ്ങിവന്നില്ല. വിശന്നുകരയാൻ തുടങ്ങിയ കുഞ്ഞിനെ ഇർഫാൻ വീട്ടിൽ കൊണ്ടുപോയി. കുപ്പിപ്പാൽ കൊടുക്കാൻ ശ്രമിച്ചെങ്കിലും കുടിച്ചില്ല. അങ്ങനെയാണ് സമീപത്തെ പൊലീസ് സ്റ്റേഷനിൽ കുഞ്ഞിനെ എത്തിക്കുന്നത്. സ്റ്റേഷൻ ചുമതലയിലുണ്ടായിരുന്ന രവീന്ദറിനും പ്രിയങ്കക്കും ഒരു മകൾ പിറന്നിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ.
പ്രസവാവധിപോലും ഒഴിവാക്കി പ്രിയങ്ക അജ്ഞാത ശിശുവിനുവേണ്ടി സ്റ്റേഷനിൽ ഒാടിയെത്തി. മാനുഷികമായ ഇടപെടലിന് പൊലീസ് ദമ്പതികളെ ഹൈദരാബാദ് കമീഷണർ അഞ്ജനി കുമാർ അഭിനന്ദിച്ചു.പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിെൻറ മാതാവിെന കണ്ടെത്തി. ആക്രി പെറുക്കൽ തൊഴിലാളിയായ ഷബാന ബീഗം മദ്യലഹരിയിൽ കുഞ്ഞിനെ ഇർഫാെൻറ കൈയിൽ ഏൽപ്പിക്കുകയായിരുന്നു. ബോധം വന്നപ്പോൾ കുഞ്ഞിനെ തേടി അലയുകയായിരുന്നു അവർ. ഷബാനയെ അഫ്സൽഗഞ്ജ് സ്റ്റേഷനിലെത്തിച്ച് കുഞ്ഞിനെ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
