പ്ലാൻ സിമ്പിളായിരുന്നു, പക്ഷേ ട്വിസ്റ്റ് വില്ലനായി; ഒടുവിൽ മോഷ്ടാവ് പൊലീസ് പിടിയിൽ
text_fieldsഹൈദരാബാദ്: അലമാര തുറക്കുക, സ്വർണവും പണവും എടുക്കുക, തിരിച്ചിറങ്ങുക. പ്ലാൻ കൃത്യവും സിമ്പിളുമായിരുന്നു. ആദ്യ രണ്ടു കാര്യങ്ങളും കൃത്യമായിതന്നെ നടന്നു. എന്നാൽ, വീട്ടിനുള്ളിൽനിന്ന് തിരിച്ചിറങ്ങുന്നതിന് മുമ്പ് ഒരു ട്വിസ്റ്റ് സംഭവിച്ചു. ചെറുതായി ഒരു ഉറക്കം വന്നപ്പോൾ വീട്ടിലെ കട്ടിലിൽ കിടന്ന് ഒന്നുറങ്ങിപ്പോയി.
ഹൈദരാബാദിലാണ് സംഭവം. മോഷ്ടിച്ച സ്വർണാഭരണങ്ങളും പണവുമായി രക്ഷപ്പെടുന്നതിനിടെ വീട്ടിനുള്ളിൽ തന്നെ ഉറങ്ങിപ്പോയ കള്ളനെ പൊലീസ് പിടികൂടുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങൾ പോക്കറ്റിട്ട ശേഷമാണ് ഇയാൾ ഉറങ്ങിയത്.
വീട്ടുടമസ്ഥർ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിൽ ഒരാൾ കിടന്നുറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടിലെ അലമാര കൊള്ളയടിച്ചതായും മനസ്സിലായി. അയാളെ ഉണർത്തുന്നതിനുപകരം കുടുംബം വിഡിയോ റെക്കോർഡുചെയ്‌ത് പൊലീസിൽ അറിയിക്കുകയായിരുന്നു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് വീട്ടുടമയും പൊലീസും ചേർന്ന് ഇയാളെ ഉണർത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
മോഷ്ടിച്ച സ്വർണവും പണവും ഇയാളുടെ പോക്കറ്റിൽനിന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ പ്രതിക്കെതിരെ മോഷണക്കുറ്റം ചുമത്തി തുടർ നടപടികൾ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. മോഷണം നടത്തിയ വീടിന്റെ പ്രദേശത്തുതന്നെയാണ് പ്രതി താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കഞ്ചാവിന്റെ ലഹരിയിലാണ് ഉറങ്ങിപോയതെന്നാണ് വിവരം. കൂടാതെ ഇയാളെ പിടികൂടുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

