ഹൈദരാബാദ് ഗണേശോത്സവം: പ്രധാന ജാഥാ പാതകളിലെ പള്ളികൾ വെള്ളത്തുണികൊണ്ട് മൂടി
text_fieldsഹൈദരാബാദ്: ഗണേശ നിമജ്ജന ജാഥയോടനുബന്ധിച്ച് ഹൈദരാബാദിലെ പ്രധാന പാതകളിലുള്ള പള്ളികൾ വെള്ളത്തുണികൾ ഉപയോഗിച്ച് മറച്ചു. അഫ്സൽ ഗഞ്ച്, ചാർമിനാർ ഉൾപ്പെടെയുള്ള ജാഥാ കടന്നുപോകുന്ന ഭാഗങ്ങളിലെ പള്ളികളിലാണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഘോഷയാത്രക്കിടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നിയമപാലകർ ഈ മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്.
നഗരത്തിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ഹൈദരാബാദ് പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജാഥാ ദിനത്തിൽ വിവിധ ഭാഗങ്ങളിലായി ഏകദേശം 20,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യമിക്കും.
ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ വി.സി. സജ്ജനാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ജാഥാ പാതകൾ നേരിട്ട് പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ , ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി , റോഡ്സ് ആൻഡ് ബിൽഡിങ്സ് വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ഘോഷയാത്ര പൂർണമായി നിരീക്ഷിക്കുന്നതിനായി തെലങ്കാന ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്ററിൽനിന്ന് സിസിടിവി ക്യാമറകൾ വഴി നിരീക്ഷണം ശക്തമാക്കും. കൂടാതെ, തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ക്വിക്ക് റെസ്പോൺസ് ടീമുകൾ, ഡോഗ് സ്ക്വാഡുകൾ, ആന്റി-ചെയിൻ സ്നാച്ചിങ് ടീമുകൾ, ഷീ ടീമുകൾ എന്നിവരെയും വിന്യമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

