പഹൽഗാം ഭീകരരുമായി ബന്ധമെന്ന് ആരോപണം; പിന്നാലെ ഡിജിറ്റൽ അറസ്റ്റ്, വയോധികനിൽ നിന്ന് തട്ടിയത് 26 ലക്ഷം
text_fieldsപ്രതീകാത്മക ചിത്രം
ഹൈദരാബാദ്: പഹൽഗാം ഭീകരാക്രമണത്തിൽ ബന്ധമാരോപിച്ച് വയോധികനിൽ നിന്ന് തട്ടിയെടുത്തത് 26.06 ലക്ഷം രൂപ. ഹൈദരാബാദ് സ്വദേശിയായ 68കാരനെ വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ), ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എ.ടി.എസ്) എന്നീ ഏജൻസികളിൽ നിന്നുള്ള അന്വേഷണ സംഘമാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
കള്ളപ്പണം വെളുപ്പിക്കലിലും ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകളിലും വയോധികനെ പ്രതിചേർത്തിട്ട് അന്വേഷണം നടത്തുന്നതായി അറിയിച്ച് എത്തിയ കോളിലാണ് തട്ടിപ്പിന് തുടക്കം എന്ന് പൊലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടിൽ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തീവ്രവാദിയിൽ നിന്ന് 70 ലക്ഷം രൂപ എത്തിയതിന് തെളിവുണ്ടെന്നും, അനുസരിച്ചില്ലെങ്കിൽ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
2025 സെപ്റ്റംബർ 17നും സെപ്റ്റംബർ 19നും ഇടയിലാണ് തട്ടിപ്പ് നടന്നത്. വയോധികനെ വിശ്വസിപ്പിക്കാൻ വ്യാജ അറസ്റ്റ് വാറണ്ടുകൾ, റിസർവ് ബാങ്കിന്റേതെന്ന രീതിയിൽ തയ്യാറാക്കിയ കത്തുകൾ എന്നിവയടക്കം രേഖകൾ അയച്ചുനൽകി.
ഭീഷണി തുടരുന്നതിനിടെ തട്ടിപ്പുകാർ ‘ഹെൻട്രി ജോൺസ്’ എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് രണ്ട് ഗഡുക്കളായി പണം മാറ്റണമെന്ന് വയോധികനോട് നിർദേശിക്കുകയായിരുന്നു. തുടർന്ന് തന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 26 ലക്ഷത്തിലധികം രൂപ ഇയാൾ തട്ടിപ്പുകാർക്ക് അയച്ചുനൽകി. വിവരമറിഞ്ഞ കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന്, വയോധികൻ സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ (1930) പരാതി നൽകുകയായിരുന്നു.
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
‘ഡിജിറ്റൽ അറസ്റ്റുകൾ’ തട്ടിപ്പാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പോലീസോ മറ്റ് നിയമ നിർവ്വഹണ ഏജൻസികളോ ഒരിക്കലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി അറസ്റ്റ് നടത്തുകയോ രേഖകൾ ആവശ്യപ്പെടുകയോ ചെയ്യാറില്ല. ഇത്തരം കോളുകൾ ലഭിച്ചാൽ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സമാനമായ ഫോൺകോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയോ ഔദ്യോഗിക ഹെൽപ്പ് ലൈനിൽ വിളിച്ചോ നേരിട്ട് പരിശോധിക്കണം. തട്ടിപ്പിനിരയായാൽ, ഉടൻ തന്നെ 1930 എന്ന ഹെൽപ്പ് ലൈനിൽ വിളിക്കുകയോ ഔദ്യോഗിക സൈബർ ക്രൈം പോർട്ടലായ www.cybercrime.gov.in ൽ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുകയോ ചെയ്യണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

