
വീടിന്‍റെ മുകളിൽനിന്ന് വിഡിയോ കോളിനിടെ കാൽ വഴുതി താഴേക്കുവീണ് യുവാവിന് ദാരുണാന്ത്യം
text_fieldsഹൈദരാബാദ്: വീടിന്‍റെ രണ്ടാംനിലയിൽനിന്ന് സഹോദരനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ കാൽവഴുതി താഴെവീണ് യുവാവിന് ദാരുണാന്ത്യം. മണികൊണ്ടയിൽ ശനിയാഴ്ച രാവിലെയായിരുന്നു അപകടം.
സ്വകാര്യ കമ്പനി ജീവനക്കാരനായ 32കാരൻ സാമുവൽ സുജീതാണ് മരിച്ചത്. മണികൊണ്ട ഗാർഡനിൽ ഭാര്യക്കും കുടുംബത്തിനുമൊപ്പമായിരുന്നു സാമുവലിന്‍റെ താമസം.
ശനിയാഴ്ച രാവിലെ ആറുമണിയോടെ യു.എസിലുള്ള സഹോദരൻ സുപ്രീതിനെ വിഡിയോ കോളിൽ വിളിക്കുകയായിരുന്നു കുടുംബം. സുപ്രീതിന്‍റെ വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടായിരുന്നു സംസാരം. മറ്റുള്ളവരുമായി സംസാരിച്ചശേഷം സാമുവലുമായി സുപ്രീത് സംസാരിക്കാൻ തുടങ്ങി. ഇതിനിടെ സാമുവൽ വീടിന്‍റെ മുകൾ നിലയിലെത്തുകയായിരുന്നു.
രണ്ടാംനിലയിൽ ചുറ്റുമതിൽ നിർമിച്ചിട്ടുണ്ടായിരുന്നില്ല. വിഡിയോ കോളിനിടെ സാമുവൽ കാൽ വഴുതി മുറ്റത്തേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സാമുവൽ മരിച്ചു. തലക്കേറ്റ മാരകപരിക്കാണ് മരണകാരണം.
