ക്രിക്കറ്റ് ബോൾ തിരഞ്ഞ് പോയി; കിട്ടിയത് മനുഷ്യാസ്ഥികൂടം
text_fieldsഹൈദരാബാദ്: ഹൈദരാബാദിലെ നമ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിൽനിന്ന് മനുഷ്യാസ്ഥികൂടം കണ്ടെത്തി. വീടിന് സമീപത്തെ സ്ഥലത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് അസ്ഥികൂടം കണ്ടത്. കളിച്ചുകൊണ്ടിരിക്കെ പന്ത് വീട്ടിനകത്തേക്ക് വീഴുകയായിരുന്നു. പന്ത് എടുക്കാനായി കുട്ടികളും പ്രദേശവാസിയും വീട്ടിനുള്ളിൽ കയറിയപ്പോഴാണ് അസ്ഥികൂടം കണ്ടത്. ഇതിന്റെ ദൃശ്യങ്ങൾ ഫേയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ വൈറലാകുകയായിരുന്നു.
വിഡിയോയിൽ വീടിന്റെ അടുക്കള പോലെ തോന്നിപ്പിക്കുന്ന ഭാഗത്ത് തറയിൽ കമിഴ്ന്ന് കിടക്കുന്ന ഒരു അസ്ഥികൂടം കാണാം. അവശിഷ്ടങ്ങൾക്ക് ചുറ്റുമായി പാത്രങ്ങൾ ചിതറിക്കിടക്കുന്നതും കാണാം. കുറ്റകൃത്യ അന്വേഷണത്തിൽ വൈദഗ്ധ്യമുള്ള പ്രത്യേക യൂനിറ്റായ ക്ലൂസ് ടീം വീട് സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചു. മൃതദേഹാവശിഷ്ടങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
നമ്പള്ളി മാർക്കറ്റിന് സമീപമുള്ള ഈ വീട് ഏഴ് വർഷത്തിലേറെയായി പൂട്ടിക്കിടക്കുകയായിരുന്നു. വീടിന്റെ ഉടമ വിദേശത്താണ് താമസിക്കുന്നതെന്നും ഏഴ് വർഷത്തിലേറെയായി വീട് ഒഴിഞ്ഞുകിടക്കുകയാണെന്നും പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. മുനീർ ഖാൻ എന്നയാളുടേതാണ് വീടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
'ഏകദേശം 50 വയസ്സുള്ള, അവിവാഹിതനായ, ഒരുപക്ഷേ മാനസികാസ്വാസ്ഥ്യമുള്ള ആളായിരിക്കാം മരിച്ചത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് അയാൾ മരിച്ചിട്ടുണ്ടാകാം. അസ്ഥികൾ പോലും ദ്രവിച്ച് തുടങ്ങിയിരുന്നു. മൽപ്പിടുത്തത്തിന്റെയോ രക്തക്കറകളുടെയോ അടയാളങ്ങളൊന്നും കണ്ടെത്തിയില്ല. ഇതൊരു സ്വാഭാവിക മരണമായിരിക്കാം. കൂടുതൽ വിവരങ്ങൾ കണ്ടെത്താനായി ബന്ധുക്കളുമായി ബന്ധപ്പെടുവാൻ ശ്രമിക്കുകയാണ്' പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

