രാജ്യസഭാ എം.പിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് മാൾ ജീവനക്കാരിക്ക് ദാരുണാന്ത്യം
text_fieldsഹൈദരാബാദ്: രാജ്യസഭാ എം.പിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ മാധാപുരിലാണ് സംഭവം. ഇൻഓർബിറ്റ് മാളിൽ പ്രവർത്തിക്കുന്ന സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാരതി മുഖി (26) ആണ് മരിച്ചത്. സംഭവത്തിൽ ജനസേന പാർട്ടി രാജ്യസഭാ എം.പിയും വ്യവസായിയുമായ ലിംഗമനേനി രമേശിന്റെ മകൻ ലിംഗമനേനി സഞ്ജുഷിനെതിരെ (21) പൊലീസ് കേസെടുത്തു. എന്നാൽ, അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റ് 16-ന് വൈകിട്ട് മൂന്നുമണിയോടെ മാധാപുരിലെ ഐ.ടി.സി കോഹിനൂർ ഹോട്ടലിന് സമീപത്തായിരുന്നു അപകടം നടന്നത്. ഇൻഓർബിറ്റ് മാളിലെ ലൈഫ്സ്റ്റൈൽ സ്റ്റോർ ജീവനക്കാരിയായ ഭാരതി, സഹപ്രവർത്തകയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിഞ്ഞ് മടങ്ങുകയായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ആഡംബര കാർ ഭാരതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ, ഇടിച്ച അതേ കാറിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എം.പിയുടെ മകൻ സഞ്ജുഷ് തന്നെയാണ് വാഹനമോടിച്ചിരുന്നതെന്ന് മാധാപുർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. പരമാവധി ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് മാധാപുർ അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പ്രതിക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടിയുടെ എം.പിയാണ് സഞ്ജുഷിന്റെ പിതാവ് ലിംഗമനേനി രമേഷ്. രാഷ്ട്രീയ സ്വാധീനമുള്ളതുകൊണ്ടാണോ അറസ്റ്റ് വൈകുന്നതെന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

