മകൻ ഓഡി കാറോടിച്ച് നടത്തിയ കൊലപാതകം ഏറ്റെടുക്കാൻ ഡ്രൈവറെ നിർബന്ധിച്ച് മുതലാളി, രക്ഷക്കെത്തിയത് പൊലീസ്
text_fieldsഹൈദരാബാദ്: സിനിമയെ വെല്ലുന്ന രംഗങ്ങളാണ് ഹൈദരാബാദിലെ പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച അരങ്ങേറിയത്. അപകടമരണവും അറസ്റ്റുമൊന്നും പൊലീസ് സ്റ്റേഷനിൽ പുത്തരിയല്ലെങ്കിലും പൊലീസുകാരുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് ഒരു പാവപ്പെട്ട ഡ്രൈവറുടെ ജീവിതം തിരിച്ചുപിടിക്കുക മാത്രമല്ല, കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും പൊലീസിന് കഴിഞ്ഞു.
ഞായറാഴ്ച പുലർച്ചെ ഉണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർ തൽക്ഷണം മരിച്ചിരുന്നു. രഘുനന്ദൻ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഓഡി എ8 കാർ ഓട്ടോയിലിടിച്ചാണ് അപകടമുണ്ടായത്. രഘുനന്ദൻ റെഡ്ഡിയുടെ ഡ്രൈവറായ പ്രഭാകരൻ താനാണ് അപകടസമയത്ത് വണ്ടിയോടിച്ചതെന്ന് അവകാശപ്പെട്ട് സ്റ്റേഷനിൽ ഹാജരായി.
എന്നാൽ, മകനായ സുജിത് റെഡ്ഡിയെ രക്ഷിക്കാൻ രഘുനന്ദൻ റെഡ്ഡി പാവം ഡ്രൈവറെ കരുവാക്കുകയായിരുന്നുവെന്ന് തെളിയിക്കാൻ പൊലീസിന് വലിയ സമയമൊന്നും വേണ്ടിവന്നില്ല. സി.സി.ടി.വി കാമറയിൽ പതിഞ്ഞ അപകട ദൃശ്യം പ്രഭാകരന് പൊലീസ് കാണിച്ചുകൊടുത്തതോടെ പ്രഭാകരൻ സത്യമെല്ലാം തുറന്നുപറഞ്ഞു.
രഘുനന്ദൻ റെഡ്ഡി പറഞ്ഞതനുസരിച്ച് സുജിത് റെഡ്ഡിയെ(24) രക്ഷിക്കാനായിരുന്നു നുണ പറഞ്ഞതെന്ന് പ്രഭാകരൻ സമ്മതിച്ചു. സുജിത് റെഡ്ഡിയും സുഹൃത്ത് ആശിഷും ചേർന്നാണ് വണ്ടിയോടിച്ചത്. മാത്രമല്ല, ഇവർ അപകടസമയത്ത് മദ്യലഹരിയിലുമായിരുന്നു.
ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. നരഹത്യക്ക് ഇരുവർക്കുമെതിരെ കേസെടുത്തു. ഇതിനുപുറമെ മദ്യപിച്ച് വണ്ടിയോടിച്ചതിനും അശ്രദ്ധമായ ഡ്രൈവിങ്ങിനും തെളിവ് നശിപ്പിച്ചതിനും സുജിതിനെതിരെ കേസെടുത്തു. കുറ്റവാളിയെ സംരക്ഷിക്കാൻ ശ്രമിച്ചതിനും ഡ്രൈവറുടെ മേൽ കുറ്റം ചാർത്താൻ ശ്രമിച്ചതിനും രഘുനന്ദൻ റെഡ്ഡിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രഭാകരനെതിരെയും പൊലീസ് നോട്ടീസ് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

