തെരുവ്നായ്ക്കൾ കടിച്ചതിനെ തുടർന്ന് ചികിത്സയിലിരുന്ന 13കാരി മരിച്ചു
text_fieldsഹൈദരാബാദ്: ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ നായ കടിച്ചതിനെ തുടർന്ന് ചികിത്സയിലിരുന്ന 13 വയസ്സുകാരി മരിച്ചു. മനോകൊണ്ടൂർ പ്രദേശത്തുള്ള പോച്ചമ്മപള്ളി ഗ്രാമത്തിൽ വെച്ചാണ് പെൺകുട്ടിക്ക് തെരുവ്നായയുടെ കടിയേറ്റത്. 40 ദിവസമായി ചികിത്സയിലായിരുന്നു. പോച്ചമ്മപ്പള്ളി സർക്കാർ മോഡൽ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് കോമല്ല മഹേശ്വരി.
സ്‌കൂൾ ഗൃഹപാഠം പൂർത്തിയാക്കുന്നതിനിടെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. ആക്രമണത്തെ തുടർന്ന് കരീംനഗറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിക്ക് മൂന്ന് ഡോസ് പേവിഷ പ്രതിരോധ വാക്സിൻ നൽകി. ആരോഗ്യനില വഷളായതിനെ തുടർന്ന് ഹൈദരാബാദിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിൽസാ ചെലവ് കൂടുതലായതിനാൽ മാർച്ച് ഒമ്പതിന് പെൺകുട്ടിയെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റാൻ കുടുംബം തീരുമാനിച്ചു. അങ്ങനെയാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സക്കിടെ പെൺകുട്ടി മരിക്കുകയായിരുന്നു.