പൊലീസുകാരനെ ആക്രമിച്ച കേസ്: കശ്മീരിൽ മൂന്ന് ‘ഹൈബ്രിഡ്’ ഭീകരർ അറസ്റ്റിൽ
text_fieldsശ്രീനഗർ: ബെമിന മേഖലയിൽ പൊലീസുകാരനെ ആക്രമിച്ച കേസിൽ മൂന്ന് ‘ഹൈബ്രിഡ്’ ഭീകരരെ അറസ്റ്റ് ചെയ്തതതായി ജമ്മു-കശ്മീർ ഡി.ജി.പി ആർ.ആർ. സ്വയിൻ അറിയിച്ചു. ഡാനിഷ് അഹമ്മദ് മല്ല, ഇംതിയാസ് ഖാണ്ഡെ, മെഹ്നാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണം നടത്തുകയും പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നവരെയാണ് പൊലീസ് ‘ഹൈബ്രിഡ്’ ഭീകരർ എന്ന് വിശേഷിപ്പിക്കുന്നത്.
ഡിസംബർ ഒമ്പതിന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പൊലീസുകാരൻ മുഹമ്മദ് ഹഫീസ് ചകിന് വെടിയേറ്റത്. പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിലാണ്. പാകിസ്താൻ ആസ്ഥാനമായ അർജുമന്ദ് എന്ന ഹംസ ബുർഹാനാണ് ആക്രമണം ആസൂത്രണം ചെയ്തത്. പൊലീസുകാരൻ താമസിക്കുന്ന അതേ മേഖലയിലുള്ള ഡാനിഷ് അഹമ്മദ് മല്ലയെയാണ് ഇതിനായി നിയോഗിച്ചത്.
ഇയാൾ ഇംതിയാസ് ഖാണ്ഡെ, മെഹ്നാൻ ഖാൻ എന്നിവരെ ചുമതലപ്പെടുത്തി. ആക്രമണത്തിനുമുമ്പ് ദിവസങ്ങളോളം ‘ഹൈബ്രിഡ് ഭീകരർ’ പൊലീസുകാരനെ പിന്തുടർന്നിരുന്നു. ഇവരിൽനിന്ന് തോക്ക് കണ്ടെടുത്തു. അറസ്റ്റിലായവരെ ചോദ്യംചെയ്തപ്പോൾ മറ്റു ചിലരെയും ആക്രമിക്കാൻ ഇവർ ലക്ഷ്യമിട്ടിരുന്നുവെന്ന് തെളിഞ്ഞതായി ഡി.ജി.പി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

