ഭർത്താവിന്‍റെ സാമ്പത്തിക മേൽക്കോയ്‌മ ക്രൂരതയായി കാണാനാവില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവാഹബന്ധത്തിലെ ഉലച്ചിൽ മൂലം ഭാര്യയുമായി വേർപിരിഞ്ഞു കഴിയുന്ന ഭർത്താവിന്‍റെ സാമ്പത്തിക മേൽക്കോയ്‌മ ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീംകോടതി. പക തീർക്കാനും വ്യക്തിപരമായി പ്രതികാരം ചെയ്യാനുമുള്ള ഉപാധിയായി ക്രിമിനൽ വ്യവഹാരങ്ങൾ മാറാൻ പാടില്ലെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. വേർപിരിഞ്ഞ ഭർത്താവിനെതിരെ ഭാര്യ നൽകിയ ക്രിമിനൽ കേസ് തള്ളിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരുടെ നിരീക്ഷണം.
ക്രൂരതയും സ്ത്രീധന പീഡനവും ആരോപിച്ചായിരുന്നു കേസ്. നേരത്തേ തെലങ്കാന ഹൈകോടതി ഈ കേസിലെ എഫ്.ഐ.ആർ റദ്ദാക്കാൻ വിസമ്മതിച്ചിരുന്നു.സാമ്പത്തികമായി ഭാര്യയെക്കാൾ ഭർത്താവ് മുന്നിട്ടു നിൽക്കുന്നത്, പ്രത്യേകിച്ചും ശാരീരികമായോ മാനസികമായോ ഉപദ്രവം വരുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്ന വിശദമാക്കി.
വിവാഹവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യംചെയ്യുമ്പോൾ കോടതികൾ ജാഗ്രത പുലർത്തുകയും, യാഥാർഥ്യങ്ങൾ കണക്കിലെടുക്കുകയും വേണം. നീതിനിർവഹണത്തിൽ അപാകത വരാതിരിക്കാനും, നിയമപ്രക്രിയ ദുരുപയോഗം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടതി നിർദേശിച്ചു. നിത്യച്ചെലവുകളുടെ കാര്യത്തിൽ ഉണ്ടാകുന്ന വിയോജിപ്പുകൾ സ്വാഭാവികമാണ്, എന്നാൽ, അത് ഇന്ത്യൻ ശിക്ഷാ നിയമത്തിന്‍റെ 498ാം വകുപ്പിന് കീഴിൽ ക്രൂരതയുടെ വിഭാഗത്തിൽപെടുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

