പൂജയെ ചൊല്ലി തർക്കം: ഭാര്യയെയും പൂജാരികളെയും വെടിവെച്ചുകൊന്ന പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
text_fieldsലഖ്നോ: ഭാര്യയെയും പൂജാരികളെയും വെടിവെച്ച് കൊല്ലുകയും മക്കളെ ബന്ധിയാക്കുകയും ചെയ്ത പ്രതിയെ പൊലീസ് മണിക്കൂറുകൽ നീണ്ട സംഘട്ടനത്തിനൊടുവിൽ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ അസംഗഢ് ജില്ലയിലെ ശംഭൂപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഏറ്റുമുട്ടലിനിടെ പ്രതി സ്വന്തം മകനെയും വെടിവെക്കുകയുണ്ടായി. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂജയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രതിയായ അരവിന്ദന്‍റെ സഹോദരന്‍റെ മരണാനന്തര കർമ്മങ്ങൾ ചെയ്യാൻ ഇയാളുടെ അമ്മ പൂജാരികളെ വിളിച്ചിരുന്നു. അരവിന്ദ് ചടങ്ങിനെ എതിർത്തിരുന്നുവെന്നും വീട് സന്ദർശിക്കുന്നതിനെതിരെ പൂജാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. അരവിന്ദിന്‍റെ ഭാര്യ ബബിത (32) പൂജാരിമാരായ മഹേന്ദ്ര പഥക് (60), അഖിലേഷ് മിശ്ര (50) എന്നിവരുമായി ചേർന്ന് വീട്ടുപൂജ നടത്തുന്നത് ഇയാൾ കണ്ടു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി.
പ്രകോപിതനായ അരവിന്ദ് തന്‍റെ കൈവശമുണ്ടായിരുന്ന ലൈസൻസുള്ള തോക്കെടുത്ത് ഭാര്യയെയും രണ്ട് പൂജാരിമാരെയും വെടിവച്ചുകൊല്ലുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം അരവിന്ദ് തന്‍റെ മൂന്ന് മക്കളെയും കൂട്ടി ഒരു മുറിക്കുള്ളിൽ കയറി വാതിലടച്ച് ബന്ദിയാക്കി. വിവരമറിഞ്ഞ് ഉടൻതന്നെ വൻ പോലീസ് സംഘം സ്ഥലത്തെത്തി. കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിക്കാൻ പോലീസ് ഇയാളോട് കീഴടങ്ങാൻ മുന്നറിയിപ്പ് നൽകിയെങ്കിലും അരവിന്ദ് വഴങ്ങിയില്ല.
തുടർന്ന് നടന്ന ഏറ്റുമുട്ടലിനിടെ ഇയാൾ സ്വന്തം മകന് നേരെയും വെടിയുതിർത്തു. തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് അരവിന്ദിന് വെടിയേറ്റത്. പരിക്കേറ്റ അരവിന്ദിനെയും മകനെയും പോലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ അസംഗഢ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

