സ്വത്ത് തർക്കം: സുപ്രീം കോടതി അഭിഭാഷകയെ കൊലപ്പെടുത്തി ഭർത്താവ്
text_fieldsന്യൂഡൽഹി: സ്വത്ത് തർക്കത്തിന്‍റെ പേരിൽ സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. സുപ്രീം കോടതി അഭിഭാഷകയായ രേണു സിൻഹയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രേണുവിന്‍റെ ഭർത്താവും മുൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനുമായ അജയ് നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല. ഇരുവരും തമ്മിൽ വസ്തുവിൽപനയുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് നിഗമനം.
ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ രേണു സിൻഹയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. രേണുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ശുചിമുറിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. കൊലപാതകത്തിന് പിന്നാലെ അജയ് നാഥ് അവരുടെ വസതിയിലെ സ്റ്റോർ മുറിയിൽ ഒളിക്കുകയായിരുന്നു. ആദ്യം ഇയാളെ പൊലീസ് ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. 24 മണിക്കൂർ സ്റ്റോർ മുറിയിൽ ഒളിച്ച ശേഷമാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.
സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അജയ് നാഥ് പൊലീസിൽ നൽകിയ മൊഴി. ഇരുവരുടേയും ബംഗ്ലാവ് നാല് കോടി രൂപക്ക് വിൽക്കാൻ അജയ് നാഥ് നീക്കം നടത്തിയിരുന്നു. ഇതിനായി നാഥ് ടോക്കൺ തുകയും കൈപ്പറ്റിയിരുന്നു. എന്നാൽ ഈ കച്ചവടത്തിനോട് ഭാര്യ രേണുവിന് എതിർപ്പുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അമിതമായ രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റമാർട്ടിന് കൈമാറി. സംഭവത്തിൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

