ഭർത്താവ് ആരോഗ്യവാൻ, ഭാര്യയിൽനിന്ന് ജീവനാംശത്തിന് അർഹതയില്ല
text_fieldsബംഗളൂരു: ഭര്‍ത്താവ് ആരോഗ്യവാനാണെങ്കില്‍ ഭാര്യയില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കര്‍ണാടക ഹൈകോടതി. വിവാഹമോചിതയായ ഭാര്യക്ക് 10,000 രൂപ മാസം ജീവനാംശവും 25,000 രൂപ കോടതിച്ചെലവും അനുവദിച്ചുകൊണ്ടുള്ള കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഹൈകോടതിയുടെ സുപ്രധാന വിധി.
ബംഗളൂരു റൂറൽ ജില്ലയിലെ സലുഹുനാസെ ഗ്രാമവാസിയാണ് ഹരജിക്കാരന്‍. ഭാര്യയിൽനിന്ന് രണ്ടു ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടുള്ള തന്‍റെ അപേക്ഷ നിരസിച്ച 2022 ഒക്ടോബർ 31ലെ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഇയാൾ ഹൈകോടതിയെ സമീപിച്ചത്. കോവിഡ് കാലത്ത് തന്‍റെ ജോലി നഷ്ടമായെന്നും ഇതിനാൽ ഭാര്യയില്‍നിന്ന് ജീവനാംശവും കോടതിച്ചെലവും അനുവദിക്കണമെന്നാണ് ആവശ്യം.
എന്നാൽ, ഹരജിക്കാരന്‍ ആരോഗ്യപ്രശ്നമുള്ള ആളല്ലെന്നും വൈകല്യമോ ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നിട്ടും ഭാര്യ ജീവനാംശം കൊടുത്താൽ ഭര്‍ത്താവിന്‍റെ അലസതക്ക് പ്രോത്സാഹനം നല്‍കലാകുമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന വിധിച്ചു.
ഹിന്ദു വിവാഹ നിയമത്തിലെ 24ാം വകുപ്പ് പ്രകാരം ജീവനാംശം അനുവദിക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്. എങ്കിലും വൈകല്യമോ അവശതയോ ഇല്ലാത്ത ഭര്‍ത്താവിന് അത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.