ജോലിയില്ലെങ്കിൽ പോലും ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവിന് ബാധ്യതയുണ്ട് -അലഹബാദ് ഹൈകോടതി
text_fieldsലഖ്നോ: കാര്യമായ ജോലിയില്ലെങ്കിൽ പോലും ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് അലഹബാദ് ഹൈകോടതി. ജസ്റ്റിസ് രേണു അഗർവാൾ ഉൾപ്പെട്ട ബെഞ്ചിന്റെതാണ് വിധി. വിവാഹം മോചനം നേടിയ ഭാര്യക്ക് മാസം 2000 രൂപ നൽകണമെന്ന കുടുംബകോടതി വിധിക്കെതിരെ യുവാവ് സമർപ്പിച്ച റിവിഷൻ ഹരജി തള്ളിക്കൊണ്ടായിരുന്നു ലഖ്നോ ബെഞ്ചിന്റെ നിരീക്ഷണം.
2015ലാണ് ദമ്പതികൾ വിവാഹിതരായത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃമാതാപിതാക്കളും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പരാതി നൽകിയ യുവതി 2016ൽ സ്വന്തംവീട്ടിലേക്ക് മടങ്ങിയെത്തി. കേസ് കുടുംബകോടതിയുടെ പരിഗണനക്ക് എത്തിയപ്പോഴാണ് യുവാവ് ഭാര്യക്ക് ജീവനാശം നൽകണമെന്ന വിധി വന്നത്. ഇതിനെതിരെ യുവാവ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
യുവതി ബിരുദധാരിയാണെന്നും അധ്യാപന ജോലിയിലൂടെ പ്രതിമാസം 10,000 രൂപ സമ്പാദിക്കുന്നുണ്ട് എന്നതും കുടുംബകോടതി കണക്കിലെടുത്തില്ലെന്നും യുവാവ് ബോധിപ്പിച്ചു. താൻ ഗുരുതര രോഗം ബാധിച്ച വ്യക്തിയാണെന്നും ചികിത്സയിലാണെന്നും യുവാവ് അവകാശപ്പെട്ടു. ദിവസവേതനക്കാരനാണെന്നും താമസിക്കുന്നത് വാടകവീട്ടിലാണെന്നും മാതാപിതാക്കളുടെയും സഹോദരിമാരുടെയും സംരക്ഷണ ചുമതല തന്നിലാണെന്നും യുവാവ് ഹരജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഭാര്യ പ്രതിമാസം 10,000രൂപ സമ്പാദിക്കുന്നുവെന്നതിന് യുവാവ് തെളിവുകൾ ഹാജരാക്കിയില്ല എന്ന കാര്യം ഹൈകോടതി ഓർമപ്പെടുത്തി. യുവാവിന് കുടുംബത്തിന്റെ സംരക്ഷണ ചുമതലയുണ്ടെന്നും ചെറിയ വരുമാനമാണുള്ളത് എന്ന കാര്യവും പരിഗണിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ആരോഗ്യവാനായതിനാൽ ജോലി ചെയ്ത് യുവാവിന് പണമുണ്ടാക്കാൻ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

