
ഭക്ഷണം പാകം ചെയ്തിട്ടും പാനിപൂരി വാങ്ങിവന്നു; ഭർത്താവിനോട് വഴക്കിട്ട് യുവതി ജീവനൊടുക്കി -ഭർത്താവ് അറസ്റ്റിൽ
text_fieldsപുണെ: മഹാരാഷ്ട്രയിൽ പാനി പൂരിയുമായി ബന്ധപ്പെട്ട് ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് 23കാരി ആത്മഹത്യ ചെയ്തു. വീട്ടിൽ ഭക്ഷണം തയാറാക്കിയിരുന്നിട്ടും മുൻകൂട്ടി പറയാതെ അത്താഴത്തിന് പാനിപൂരി വാങ്ങികൊണ്ടുവന്നതിന് ഭർത്താവിനോട് വഴക്കിട്ട ശേഷമാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.
23കാരിയായ പ്രതീക്ഷ സരവാദെയാണ് ആത്മഹത്യ ചെയ്തത്. 2019ലായിരുന്നു ഗഹിനിനാഥ് സരവാദെയുമായുള്ള യുവതിയുടെ വിവാഹം. നിസാരകാര്യങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.
'കഴിഞ്ഞ വെള്ളിയാഴ്ച, ഭാര്യയോട് പറയാതെ ഗഹിനിനാഥ് വീട്ടിലേക്ക് പാനിപൂരി വാങ്ങികൊണ്ടുവന്നു. എന്നാൽ പ്രതീക്ഷ വീട്ടിൽ ഭക്ഷണം പാകം ചെയ്തിരുന്നു. ഇതേചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ചെയ്തു. പിറ്റേദിവസം രാവിലെ പ്രതീക്ഷയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ചയോടെ മരിച്ചു' -പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭർത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
