
യാസ് ചുഴലിക്കാറ്റ് നാളെ ഒഡിഷ-ബംഗാൾ തീരത്ത്; കാറ്റിെൻറ സഞ്ചാരപഥത്തിൽ കേരളമില്ല
text_fieldsന്യൂഡൽഹി: യാസ് ചുഴലിക്കാറ്റ് അതിതീവ്രതയാർജിച്ച് നാളെ ഉച്ചയോടെ ഒഡിഷ-ബംഗാൾ തീരത്ത് വീശിയടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് തീവ്രചുഴലിക്കാറ്റായി മാറിയത്.
ബംഗാളിനും ഒഡിഷക്കുമിടയിൽ പാരദ്വീപിനും സാഗർ ഐലൻഡിനും മധ്യേയായാണ് കാറ്റ് തീരം തൊടുക. മണിക്കൂറിൽ 155-165 കിലോമീറ്റർ വേഗമുണ്ടാകുമെന്ന് കൊൽക്കത്ത പ്രാദേശിക കാലാവസ്ഥ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ സഞ്ജീബ് ബന്ദോപാധ്യായ് പറഞ്ഞു.
യാസ് ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനങ്ങൾ നടത്തേണ്ട മുന്നൊരുക്കങ്ങളെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒഡിഷ, ആന്ധ്ര, ബംഗാൾ മുഖ്യമന്ത്രിമാരുമായും അന്തമാൻ-നികോബാർ െലഫ്റ്റനൻറ് ഗവർണറുമായും ഓൺലൈൻ വഴി ചർച്ച നടത്തി. കോവിഡ് നടപടി ക്രമങ്ങൾ പാലിച്ച് ചുഴലിക്കാറ്റ് ബാധിത മേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ഒഡിഷയിൽ തുടങ്ങി.
കാറ്റിെൻറ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. അടുത്ത മൂന്നുദിവസം ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് തടസ്സമില്ല.