നിരാഹാര സമരം: കോൺഗ്രസ് എം.പിയുടെ ആരോഗ്യനില വഷളായി
text_fieldsശശികാന്ത് സെന്തിൽ
ചെന്നൈ: തമിഴ്നാടിനുള്ള സമഗ്ര ശിക്ഷാ അഭിയാൻ (എസ്.എസ്.എ) പദ്ധതി പ്രകാരം ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കോൺഗ്രസ് എം.പി ശശികാന്ത് സെന്തിലിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്.എസ്.എ പദ്ധതി പ്രകാരം അനുവദിച്ച ഏകദേശം 2,000 കോടി രൂപ വിതരണം ചെയ്യുന്നതിൽ കേന്ദ്രം കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ചാണ് സെന്തിൽ നിരാഹാര സമരം ആരംഭിച്ചത്. രണ്ടാം ദിവസം രക്തസമ്മർദം ഉയർന്നതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തിരുവള്ളുവർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പിലാക്കാൻ തമിഴ്നാട് സർക്കാർ വിസമ്മതിച്ചതിനാൽ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
നേരത്തേ ഇദ്ദേഹം പാർലമെന്റിൽ വിഷയം ഉന്നയിക്കുകയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തെഴുതുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ ധനസഹായത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരായ നിലപാട് സ്വീകരിച്ചതിനാലാണ് കേന്ദ്രഫണ്ട് തടഞ്ഞുവെച്ചിരിക്കുന്നതെന്നും ആരോപിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തിറങ്ങിയിരുന്നു. സിവിൽ സർവിസിലെ ജോലി രാജിവെച്ചാണ് 2020 നവംബറിൽ ശശികാന്ത് സെന്തിൽ കോൺഗ്രസിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

