'നൂറുകണക്കിന് രോഗികൾ ഫുട്പാത്തിൽ കിടക്കുകയാണ്'; എയിംസിൽ ചികിത്സക്കെത്തിയവരുടെ ദൈന്യത വിവരിച്ച് കേന്ദ്രത്തിനും ഡൽഹി മുഖ്യമന്ത്രിക്കും കത്തയച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ആരോഗ്യകേന്ദ്രമായ ഡൽഹി എയിംസിലെ ശോച്യാവസ്ഥ വിവരിച്ച് കേന്ദ്രസർക്കാറിനും ഡൽഹി മുഖ്യമന്ത്രി അതിഷിക്കും കത്തയച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രോഗികൾ ഫുട്പാത്തിലും സബ്വെകളിലും കിടക്കുകയാണെന്നാണ് കത്തിൽ രാഹുൽ ഗാന്ധി സൂചിപ്പിച്ചത്.
ഈ മാനുഷിക ദുരന്തം പരിഹരിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയും ഡൽഹി മുഖ്യമന്ത്രി അതിഷിയും അടിയന്തരമായി ഇടപെടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പൊതു ആരോഗ്യസമ്പ്രദായം ശക്തിപ്പെടുത്താനായി കേന്ദ്രം അടിയന്തര നടപടിയെടുക്കണം. അടുത്ത ബജറ്റിൽ അതിനായി തുക നീക്കിവെക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സ്വന്തം പ്രദേശത്ത് മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്തത് മൂലമാണ് കോടിക്കണക്കിന് ആളുകൾ എയിംസിനെ സമീപിക്കുന്നതെന്നും രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി.
ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം. അതിന്റെ ആദ്യപടിയായി രാജ്യത്തെങ്ങുമുള്ള എയിംസ് കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വിപുലീകരിക്കണം. അതോടൊപ്പം മികച്ച ചികിത്സാസൗകര്യങ്ങൾ ലഭിക്കുന്ന രീതിയിലേക്ക് പൊതു ആരോഗ്യസമ്പ്രദായം മെച്ചപ്പെടുത്തുകയും വേണം. സംസ്ഥാനസർക്കാരുകളുമായി കൈകോർത്തു വേണം ഈ വികസനമെന്നും ജനുവരി 18ന് അയച്ച കത്തിൽ രാഹുൽ സൂചിപ്പിച്ചു.
ആയുഷ്മാൻ ഭാരത് പോലെയുള്ള കേന്ദ്ര ആരോഗ്യ പദ്ധതികൾ രോഗിയുടെ പോക്കറ്റ് ചെലവുകൾ പരമാവധി കുറയ്ക്കുന്നതിന് സഹായകമാവുന്ന രീതിയിലാക്കണം. അതോടൊപ്പം സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് കുത്തനെ വർധിക്കുന്നതും പരിശോധിക്കണം. ഡോക്ടറെ കാണാനായി രോഗികൾ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥക്ക് മാറ്റം വരണമെന്നും രാഹുൽ പറഞ്ഞു. എയിംസിന് ചുറ്റുമുള്ള റോഡുകളിലും സബ്വേകളിലും കഴിയുന്ന രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും കണ്ട് രാഹുൽ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞിരുന്നു. എയിംസിൽ ഡോക്ടറെ കാണാനുള്ള കാലതാമസത്തെകുറിച്ചും താമസിക്കാൻ സൗകര്യമില്ലാത്തതിനെ കുറിച്ചുമാണ് മിക്കവരും പരാതി പറഞ്ഞത്. കുടിവെള്ളമോ ശുചീകരണ സൗകര്യങ്ങളോ ഇല്ലാതെ, കൊടുംതണുപ്പിനെ പ്രതിരോധിക്കാനാകാതെ സബ്‌വേയിൽ നിരവധി രോഗികളെ കാണുന്നതിൽ തനിക്ക് അതിയായ സങ്കടമുണ്ടെന്ന് അതിഷിക്ക് അയച്ച കത്തിൽ രാഹുൽ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

