
സിനിമ തോൽക്കുന്ന ദൃശ്യങ്ങൾ; പ്രാണവായുവിനായി സരോജ് ആശുപത്രിയുടെ പോര്, ജീവൻ തിരിച്ചുകിട്ടിയത് നൂറോളം പേർക്ക്
text_fieldsന്യൂഡൽഹി: പ്രാണവായുവിനായി പിടയുന്ന ഡൽഹി നഗരത്തിലെ സരോജ് ഹോസ്പിറ്റലിലെ നൂറോളം രോഗികൾക്ക് ഓക്സിജൻ എത്തിക്കാൻ പെട്ടപാട് സിനിമയിൽപോലും കാണാത്ത വിധമായിരുന്നു. ഒരുവശത്ത് ഓക്സിജൻ സിലിണ്ടറിലെ അവസാന തുള്ളിയും തീർന്നുകൊണ്ടിരിക്കുന്നു. മറുവശത്ത് ഓക്സിജൻ കിട്ടില്ലെന്ന ഉറപ്പിൽ രോഗികളോട് മറ്റ് ആശുപത്രികളിലേക്ക് പോകാൻ നിർദേശിക്കുന്ന ആശുപത്രി അധികൃതർ. എവിടെ പോകണമെന്നറിയാത്ത രോഗികൾ... അപ്പോഴാണ് ദൈവദൂതന്മാരെ പോലെ ഒാക്സിജൻ സിലിണ്ടറുകളുമായി ആശുപത്രി കവാടത്തിലേക്ക് ഒരു ടാങ്കർ വന്നത്.
ആശുപത്രിയിൽ അവശരായിക്കൊണ്ടിരിക്കുന്ന രോഗികളുടെ അവസ്ഥ കണ്ട് സരോജ് ആശുപത്രി ഉടമ പങ്കജ് ചൗള മുട്ടാത്ത വാതിലുകളില്ല. രക്ഷയില്ലെന്നു കണ്ടപ്പോൾ രോഗികളെ മറ്റെവിടേക്കെങ്കിലും കൊണ്ടുപോകാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഒടുവിൽ അധികൃതരിൽ ചിലരുടെ കനിവുകൊണ്ട് ഒരു ടാങ്കർ ഓക്സിജൻ കിട്ടി. തിരത് രാം ഷാ ഹോസ്പിറ്റലിനുകൂടി പങ്കുവെക്കാനുള്ളതായിരുന്നു ടാങ്കറിലെ സിലിണ്ടറുകൾ.
പക്ഷേ, കൂനിൻമേൽ കുരുവെന്നപോലെ അപ്പോഴാണ് മറ്റൊരു പ്രതിസന്ധി. വലിയ ടാങ്കറിന് ആശുപത്രി കവാടത്തിലൂടെ പ്രധാന ഓക്സിജൻ ടാങ്കിനടുത്തേക്ക് എത്താൻ കഴിയില്ല. ഗേറ്റും തടസ്സമായിനിൽക്കുന്ന ചുറ്റുമതിലും പൊളിച്ചാലേ അതിനു കഴിയൂ. കവാടം കടക്കില്ലെന്നുറപ്പായതോടെ ടാങ്കർ രാം ഷാ ഹോസ്പിറ്റലിലേക്ക് പോകാമെന്ന് തീരുമാനിക്കുന്നു. പക്ഷേ, സരോജ് ഹോസ്പിറ്റലിലെ നൂറോളം രോഗികൾ അവശേഷിക്കുന്ന ഓക്സിജെൻറ അവസാന തുമ്പിലായിരുന്നു അപ്പോൾ. ആശുപത്രി ജീവനക്കാർ ടാങ്കറിൽനിന്ന് 20ഓളം സിലിണ്ടറുകൾ ഇറക്കി ആശുപത്രിയിലെ പ്രധാന ഓക്സിജൻ വിതരണസംവിധാനവുമായി ഘടിപ്പിച്ചു. അടുത്ത 40 മിനിറ്റ് നേരത്തേക്ക് തൽക്കാല ആശ്വാസം. 53 രോഗികൾ അപ്പോഴും വെൻറിലേറ്ററിൽ ചക്രശ്വാസം വലിക്കുകയായിരുന്നു.
ടാങ്കർ രാം ഷാ ഹോസ്പിറ്റലിലേക്ക് പോയി. ആശുപത്രി അധികൃതർ പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. പിന്നെ സിനിമയിൽ കാണുംപോലുള്ള രംഗങ്ങൾ. വെൻറിലേറ്ററിലെ രോഗികളുടെ ബന്ധുക്കൾ ജെ.സി.ബിയും കമ്പിപ്പാരയും കൈയിൽ കിട്ടിയതൊക്കെയുമെടുത്ത് പണിതുടങ്ങി. മതിലും കോൺക്രീറ്റുമെല്ലാം പൊളിച്ചുമാറ്റി. അപ്പോഴേക്കും ടാങ്കർ മടങ്ങിയെത്തി. പൊളിഞ്ഞ കവാടത്തിലൂടെ പ്രധാന ഓക്സിജൻ വിതരണ പ്ലാൻറിനരികിലേക്ക്. അപ്പോേഴക്കും ഓക്സിജൻ നില അവസാനഘട്ടത്തിലെത്തിയിരുന്നു. പിന്നെ എല്ലാം പെട്ടെന്നായി. ഓക്സിജൻ പുനഃസ്ഥാപിച്ചതോെട ജീവൻ തിരിച്ചുകിട്ടിയത് നൂറോളം പേർക്ക്.
ശമനമില്ലാതെ ഡൽഹി; ലോക്ഡൗൺ നീട്ടി
കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത പശ്ചാത്തലത്തിൽ ദേശീയ തലസ്ഥാന നഗരിയിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്കുകൂടി നീട്ടി ഡൽഹി സർക്കാർ. തിങ്കളാഴ്ച രാവിലെ അവസാനിക്കാനിരുന്ന ലോക്ഡൗൺ മേയ് മൂന്നുവരെയാണ് നീട്ടിയത്. പ്രതിദിനം കാൽ ലക്ഷത്തിനു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഡൽഹിയിൽ, ഓക്സിജൻ ക്ഷാമവും ആശുപത്രികൾ നിറഞ്ഞതും ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ഇതിനു പിന്നാലെയാണ് നിയന്ത്രണങ്ങൾ തുടരാൻ ഡൽഹി സർക്കാർ തീരുമാനിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും പ്രതിദിന കേസുകളിൽ കുറവുണ്ടായിട്ടില്ലെന്നും പൊതുജനാഭിപ്രായം ലോക്ഡൗൺ നീട്ടണമെന്നാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. നിലവിൽ 37 ശതമാനം വരെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്കും ഉയർന്ന നിലയിലാണ്.
അതേസമയം, ലോക്ഡൗണിൽ നൽകിയ ഇളവ് തുടരും. അന്തർസംസ്ഥാന യാത്രകൾ, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ യാത്രകൾ തടസ്സപ്പെടുത്തില്ലെന്നും സർക്കാർ വ്യക്തമാക്കി.
രാജ്യത്ത് ഓക്സിജൻ ക്ഷാമം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ഡൽഹി. ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ഡൽഹിയിലെ പ്രധാന രണ്ട് ആശുപത്രികളിൽ മാത്രം 48 മണിക്കൂറിൽ 50 രോഗികളാണ് മരിച്ചത്.
ചികിത്സക്കല്ലാതെയുള്ള ഓക്സിജൻ ഉപയോഗത്തിന് വിലക്ക്
ചികിത്സക്കല്ലാതെയുള്ള ദ്രവ ഓക്സിജൻ ഉപയോഗം വിലക്കിയതിന് പുറമെ, നിർമാണം പരമാവധി കൂട്ടാനും സർക്കാർ നിർദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടേതാണ് ഉത്തരവ്. സർക്കാർ ആവശ്യപ്പെടുന്നപക്ഷം ഓക്സിജൻ ഉടൻ കൈമാറണമെന്നും നിർദേശത്തിലുണ്ട്. മറ്റൊരു ഉത്തരവ് ഇറങ്ങുംവരെ ഈ നിർദേശം കർശനമായി പാലിക്കണം.
ഓരോ വ്യവസായ സ്ഥാപനത്തിലെയും സ്റ്റോക്ക് വിവരം ഉടൻ സർക്കാറിനെ അറിയിക്കണമെന്നും മറ്റൊരു ആവശ്യത്തിനും ദ്രവ ഓക്സിജൻ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഡൽഹി അടക്കം രാജ്യത്തിെൻറ പലഭാഗത്തും ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്. ലഭ്യതക്കനുസരിച്ച് പ്രത്യേക ട്രെയിൻവഴി ആവശ്യമുള്ള സംസ്ഥാനങ്ങളിൽ എത്തിക്കാനുള്ള സൗകര്യമൊരുക്കിയതായി ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
