വ്യാജ പാസ്‌പോർട്ടിൽ വിദേശ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; എൻ.ഐ.എ റെയ്ഡ്, ഒരാൾ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് തൊഴിലാളികളെ വിദേശ രാജ്യങ്ങളിലേക്ക് കടത്തിയെന്ന മനുഷ്യക്കടത്ത് കേസിൽ പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ നിന്ന് ഒരാളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. ഗോലം ജമാ എന്നയാളെയാണ് തിങ്കളാഴ്ച ദുർഗാപൂരിലെ ന്യൂ സ്റ്റീൽ പാർക്കിലുള്ള വാടകവീട്ടിൽ നടത്തിയ വ്യാപക പരിശോധനക്കും ചോദ്യം ചെയ്യലിനും പിന്നാലെ കസ്റ്റഡിയിലെടുത്തത്.
വിദേശ കരാർ തൊഴിലവസരങ്ങളുടെ പേരിൽ തൊഴിലാളികളെ വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരുന്ന മനുഷ്യക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് ജമായെന്നാണ് അന്വേഷണ ഏജൻസിയുടെ പ്രാഥമിക നിഗമനം. വിദേശത്തേക്ക് അയച്ചവർക്കായി വ്യാജ പാസ്‌പോർട്ടുകളും മറ്റ് യാത്രാരേഖകളും സംഘടിപ്പിച്ചിരുന്നതായും എൻ.ഐ.എ അന്വേഷിച്ചുവരികയാണ്
അന്വേഷണ ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശോധനയാണ് ജമായുടെ വീട്ടിൽ നടത്തിയത്. പരിശോധനക്കിടെ കേസുമായി ബന്ധപ്പെട്ടതായി കരുതുന്ന രേഖകളും മറ്റ് തെളിവുകളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും എൻ.ഐ.എ വ്യക്തമാക്കി.
"മനുഷ്യക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് സഹായകമായ രേഖകളും മറ്റ് തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല," എൻ.ഐ.എയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
എൻ.ഐ.എ നൽകുന്ന വിവരമനുസരിച്ച്, ഛത്തീസ്ഗഢ് സ്വദേശിയായ ഗോലം ജമാ നാല് വർഷം മുമ്പ് ദുർഗാപൂരിലെ സ്വദേശിനിയെ വിവാഹം കഴിച്ചശേഷമാണ് പശ്ചിമ ബംഗാളിലേക്ക് താമസം മാറിയത്. ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പമാണ് ന്യൂ സ്റ്റീൽ പാർക്ക് മേഖലയിലെ വാടകവീട്ടിൽ താമസിച്ചിരുന്നത്.
ജമായുടെ തൊഴിൽ പശ്ചാത്തലവും സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ആദ്യം ഛത്തീസ്ഗഢിലെ ഒരു ടയർ കടയിൽ ജോലി ചെയ്തിരുന്ന ജമ പിന്നീട് ഒരു ട്രാവൽ ഏജൻസിയിൽ ചേർന്നതായും കണ്ടെത്തി. ഈ ട്രാവൽ ഏജൻസിയാണ് മനുഷ്യക്കടത്ത് ശൃംഖലയുടെ മറവിൽ പ്രവർത്തിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. വിദേശ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് ആളുകളെ കണ്ടെത്തുകയും തുടർന്ന് വ്യാജ രേഖകൾ ഉപയോഗിച്ച് വിദേശത്തേക്ക് അയക്കുകയും ചെയ്തിരുന്നതായി എൻ.ഐ.എ പരിശോധിച്ചുവരികയാണ്.
ജമാ മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്തിരുന്നതായി പ്രദേശവാസികൾ പറയുന്നു.യാത്രകളുടെ യഥാർത്ഥ ലക്ഷ്യം അന്ന് വ്യക്തമായിരുന്നില്ല. വളരെ ഒതുങ്ങിയ ജീവിതമാണ് ജമാ നയിച്ചിരുന്നതെന്നും അയൽവാസികളുമായി കാര്യമായ ബന്ധം പുലർത്തിയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
തിങ്കളാഴ്ച നടന്ന റെയ്ഡിനിടെ ജമായുടെ ഭാര്യയെയും എൻ.ഐ.എ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തു. പരിശോധനയിലുടെനീളം വീടിന് ചുറ്റും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

