സമൂഹ വിവാഹമെന്ന വ്യാജേന മനുഷ്യക്കടത്തും വിൽപനയും; രാജസ്ഥാനിൽ എൻ.ജി.ഒക്ക് പൂട്ടിട്ട് പൊലീസ്
text_fieldsജയ്‌പൂർ: ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് സമൂഹ വിവാഹമെന്ന വ്യാജേന മനുഷ്യക്കടത്ത് നടത്തിയ സംഘം പിടിയിൽ. ജയ്പൂരിനടുത്ത് എൻ.ജി.ഒയുടെ മറവിലാണ് സംഭവം. ദരിദ്ര കുടുംബങ്ങളിൽ നിന്ന് പെൺകുട്ടികളെ കടത്തുന്ന ഏജന്റുമാരിൽനിന്നും വാങ്ങി, വധുവിനെ അന്വേഷിക്കുന്ന യുവാക്കൾക്ക് 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പണം വാങ്ങിയാണ് വിൽപന നടത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ എൻ.ജി.ഒ ചെയർപേഴ്സൺ ഗായത്രി വിശ്വകർമ്മയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജയ്‌പുരിൽനിന്നും ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ബസിയിലെ സുജൻപുര ഗ്രാമത്തിലെ ഫാം ഹൗസ് കേന്ദ്രീകരിച്ചായിരുന്നു ഗായത്രിയുടെ ഈ ‘വിൽപന’. ‘ഗായത്രി സർവ സമാജ് ഫൗണ്ടേഷൻ’ എന്ന പേരിൽ എൻ.ജി.ഒ ഓഫിസും ഫാം ഹൗസിൽ സജ്ജീകരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
മനുഷ്യക്കടത്തിന് നേതൃത്വം നൽകുന്ന സംഘങ്ങൾ ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നും പെൺകുട്ടികളെ കടത്തി ഗായത്രിക്ക് വിൽക്കുമായിരുന്നു. പിന്നീട് ഗായത്രിയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് പെൺകുട്ടികളെ മറിച്ച് വിൽപന നടത്തിയതെന്ന് ബസി പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ അഭിജിത് പാട്ടീൽ പറഞ്ഞു.
പെൺകുട്ടികളുടെ നിറം, ഉയരം, പ്രായം എന്നിവ അനുസരിച്ചാണ് 'വില' നിശ്ചയിക്കുന്നത്. കൂടാതെ പ്രായപൂർത്തിയാകാത്തവർക്ക് 18 വയസ്സ് തികഞ്ഞെന്ന് കാണിക്കാൻ ഗായത്രി വ്യാജ ആധാർ കാർഡുകൾ നിർമിച്ചിരുന്നു. 1,500ലധികം വിവാഹങ്ങൾ ഇവർ നടത്തികൊടുത്തതായി പൊലീസ് പറഞ്ഞു. നിലവിൽ ഇവർക്കെതിരെ പത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശ് സ്വദേശിയായ 16 വയസുള്ള പെൺകുട്ടി ഞായറാഴ്ച ഗായത്രിയുടെ ഫാം ഹൗസിൽനിന്ന് രക്ഷപ്പെട്ട് പോലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഫാം ഹൗസ് റെയ്ഡ് ചെയ്യുകയും ഗായത്രിയും കൂട്ടാളി ഹനുമാൻ, പെൺകുട്ടികളെ വാങ്ങാൻ എത്തിയ ഭഗവാൻ ദാസ്, മഹേന്ദ്ര എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാം ഹൗസിനെ കുറിച്ച് ഗ്രാമത്തിലുള്ളവർക്ക് കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നെന്നും, ദരിദ്ര കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹം നടത്തികൊടുക്കുന്ന എൻ.ജി.ഒ മാത്രമാണിതെന്നാണ് ഗ്രാമവാസികൾ വിശ്വസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

