ട്രാൻസ്ജെൻഡർ നിർണയ ഭേദഗതി നിയമം പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsന്യൂഡൽഹി: ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമത്തിൽ വരുത്തിയ ഭേദഗതികൾ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ദേശീയ മനുഷ്യാവകാശ കമീഷൻ (എൻ.എച്ച്.ആർ.സി). സ്വന്തം ലിംഗപദവി സ്വയം നിർണയിക്കാനുള്ള അവകാശം എടുത്തുകളഞ്ഞ നടപടി ട്രാൻസ്ജെൻഡർ സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ പുനർവിചിന്തനം നടത്തണമെന്നും കമീഷൻ വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് പ്രവേശനം നൽകേണ്ടത് മെഡിക്കൽ രേഖകളുടെ അടിസ്ഥാനത്തിലാകരുത്, വിദ്യാർഥികൾ സ്വയം സാക്ഷ്യപ്പെടുത്തുന്ന ലിംഗത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് കമീഷൻ നിർദേശിച്ചു.
സ്കൂളുകളിൽ ജെൻഡർ ന്യൂട്രൽ ശുചിമുറികളും ഹോസ്റ്റലുകളും യൂനിഫോമുകളും ഉറപ്പാക്കണം. പ്രായമായ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തിരിച്ചറിയൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതും സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും കേന്ദ്ര മന്ത്രാലയങ്ങൾക്കും സംസ്ഥാനങ്ങൾക്കും നൽകിയ മാർഗരേഖയിൽ കമീഷൻ വ്യക്തമാക്കി. 2023ൽ പുറത്തിറക്കിയ മാർഗരേഖ പുതുക്കിക്കൊണ്ടാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ജനന-മരണ രജിസ്ട്രേഷൻ, ഹിന്ദു പിന്തുടർച്ചാവകാശം, ബാലനീതി തുടങ്ങിയ വിവിധ നിയമങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കുന്ന മാറ്റങ്ങൾ കൊണ്ടുവരണം. ജനന സർട്ടിഫിക്കറ്റുകളിൽ സ്ത്രീ, പുരുഷൻ എന്നിവക്ക് പുറമെ ഇന്റർസെക്സ്, ജനനസമയത്ത് വ്യക്തമാക്കാൻ താൽപര്യപ്പെടുന്നില്ല തുടങ്ങിയ ഓപ്ഷനുകൾ കൂടി ഉൾപ്പെടുത്തണം. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ മകൻ, മകൾ, അവകാശി, കുടുംബം എന്നിവയുടെ നിർവചനത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികളെക്കൂടി ഉൾപ്പെടുത്തി അവർക്ക് തുല്യമായ സ്വത്തവകാശം ഉറപ്പാക്കണം. ജനസംഖ്യാ കണക്കെടുപ്പ് ഘട്ടത്തിൽ ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി ‘ഇന്റർസെക്സ്’, ‘ട്രാൻസ്മെൻ’ ട്രാൻസ്വിമൻ’ എന്നിങ്ങനെ പ്രത്യേക കോളങ്ങൾ ഉൾപ്പെടുത്തണമെന്നും കമീഷൻ ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

