Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയെ...

ഡൽഹിയെ പിടിച്ചുകുലുക്കി സർക്കാർ ജീവനക്കാരുടെ പ്രതിഷേധം; രാംലീല മൈതാനത്ത്​ പ്രകമ്പനമായി മുദ്രാവാക്യങ്ങൾ

text_fields
bookmark_border
ഡൽഹിയെ പിടിച്ചുകുലുക്കി സർക്കാർ ജീവനക്കാരുടെ പ്രതിഷേധം; രാംലീല മൈതാനത്ത്​ പ്രകമ്പനമായി മുദ്രാവാക്യങ്ങൾ
cancel

ന്യൂഡൽഹി: ഇന്ദ്രപ്രസ്ഥത്തെ പിടിച്ചുകുലുക്കി കേന്ദ്രത്തിനെതിരേ പ്രതിഷേധക്കൊടുങ്കാറ്റ്​. പതിനായിരക്കണക്കിന്​ സർക്കാർ ജീവനക്കാരാണ്​ പ്രതിഷേധത്തിൽ പ​ങ്കെടുത്തത്​. വരാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് കേന്ദ്ര സർക്കാർ പഴയ പെൻഷൻ സ്‌കീം നടപ്പാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യ​െപ്പട്ടു. ഉത്തർ പ്രദേശ്, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാർ ജീവനക്കാരാണ് ഡൽഹി രാംലീല മൈതാനത്തിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്തത്.

അധ്യാപകർ, ഡോക്ടർമാർ, പ്യൂണുകൾ, ക്ലർക്കുമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ, നാഷണൽ മൂവ്മെന്റ് ഫോർ ഓൾഡ് പെൻഷൻ സ്‌കീം (എൻ.എം.ഒ.പി.എസ്) സംഘടിപ്പിച്ച പെൻഷൻ ശങ്കാനാദ് റാലിയിൽ പങ്കെടുത്തു. ‘പൊള്ളയായ സർക്കാർ ഇനി അധികാരത്തിൽ വരില്ല,’ ‘എൻ.പി.എസ് ഗോ ബാക്ക്, ഒ.പി.എസ് കം ബാക്ക്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കി. പഴയ പെൻഷൻ സ്‌കീം തിരികെ കൊണ്ടുവന്നില്ലെങ്കിൽ ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽ നിരവധി വോട്ടുകൾ നഷ്ടമാകുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഒ.പി.എസ് നടപ്പിലാക്കുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേതാക്കൾ വോട്ട് ചോദിച്ചതെന്ന് യു.പിയിൽ നിന്നുള്ള ഹെഡ്മാസ്റ്റർ സുരേഷ് സിങ് ബാഗൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

‘എന്റെ ശമ്പളം പ്രതിമാസം 70,000 രൂപയാണ്. 50 ശതമാനം എനിക്ക് റിട്ടയർമെന്റിന് ശേഷം ലഭിക്കേണ്ടതാണ്. എന്നാൽ പുതിയ സ്‌കീമിന്റെ അടിസ്ഥാനത്തിൽ എനിക്ക് 2000-2500 രൂപ മാത്രമേ ലഭിക്കൂ’ അദ്ദേഹം പറഞ്ഞു.


തങ്ങളുടെ ആവശ്യത്തെ പിന്തുണക്കുന്ന പാർട്ടിക്കുമാത്രമേ തെരഞ്ഞെടുപ്പിൽ വോട്ട് നൽകൂ എന്നും എൻ.പി.എസ് സ്‌കീം സ്വകാര്യവത്കരണത്തിന്റെ ഭാഗമാണെന്നും സമരക്കാർ പറഞ്ഞു. കോൺഗ്രസ് സർക്കാർ പുതിയ പെൻഷൻ സ്‌കീം തിരികെകൊണ്ടുവന്ന രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ജാഥക്ക് പിന്തുണയുമായെത്തിയിരുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായ കോൺഗ്രസും ആം ആദ്മി പാർട്ടിയും പ്രതിഷേധക്കാർക്ക് പിന്തുണയറിയിച്ചു.

ആം ആദ്മി പാർട്ടി പഞ്ചാബിൽ പഴയ പെൻഷൻ സ്‌കീം നടപ്പാക്കിയിരുന്നു. ദൽഹിയിലെ സർക്കാർ ജീവനക്കാർക്കും പഴയ സ്‌കീം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയതായി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എക്‌സിൽ കുറിച്ചു.

‘ഒ.പി.എസ്. തിരികെ കൊണ്ടുവരണമെന്ന സർക്കാർ ജീവനക്കാരുടെ ആവശ്യത്തെ ഞങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നു. എൻ.പി.എസ്. ജീവനക്കാർക്കെതിരായ അനീതിയാണ്. പഞ്ചാബിൽ ഞങ്ങൾ ഒ.പി.എസ്. നടപ്പാക്കി, ഡൽഹി സർക്കാർ ജീവനക്കാർക്കായി ഇത് നടപ്പാക്കാൻ കേന്ദ്രത്തിന് കത്തയച്ചു. രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഹിമാചൽപ്രദേശ് ഉൾപ്പടെ ചില ബി.ജെ.പി. ഇതര സർക്കാരുകളും ഒ.പി.എസ് നടപ്പാക്കിയിട്ടുണ്ട്​’ -കെജ്‌രിവാൾ ‘എക്സിൽ’ കുറിച്ചു.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പഴയ പെൻഷൻ പുനഃസ്ഥാപിച്ചുവെന്ന് കോൺഗ്രസും എക്‌സിൽ പ്രതികരിച്ചു. പഴയ പെൻഷൻ ജീവനക്കാരുടെ അവകാശമാണ്. കോൺഗ്രസ് സംസ്ഥാന സർക്കാരുകൾ പഴയ പെൻഷൻ പുനഃസ്ഥാപിച്ചു. ഇത് സംബന്ധിച്ച കോൺഗ്രസിന്റെ നയം വ്യക്തമാണ്. ജീവനക്കാർ അവരുടെ അവകാശങ്ങൾ നേടിയിരിക്കണം. മോദി സർക്കാർ പഴയ പെൻഷൻ പുനഃസ്ഥാപിക്കണം. രാജ്യത്തെ സേവിക്കുന്ന തൊഴിലാളികളെ ആദരിക്കണമെന്നും കോൺഗ്രസ് പ്രതികരിച്ചു.

അതേസമയം, പഴയ പെൻഷൻ പദ്ധതിയിലേക്ക് സംസ്ഥാനങ്ങൾ മടങ്ങുന്നത് ഒരു ‘പിന്നാക്കാവസ്ഥ’ ആണെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തികസമ്മർദം ഇടത്തരം മുതൽ ദീർഘകാലം വരെ ‘സ്ഥിരതയില്ലാത്ത തലത്തിലേക്ക്’ കൊണ്ടുപോയേക്കാമെന്നുമാണ്​ ബി.ജെ.പി വാദം. യു.പി സർക്കാർ ഒ.പി.എസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞമാസം സമാജ്‌വാദി പാർട്ടി അംഗങ്ങൾ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProtestOld Pension Scheme
News Summary - Huge protest in Delhi seeking to restore Old Pension Scheme, Opposition backs it
Next Story