വിദ്വേഷ പ്രസംഗങ്ങളിൽ വൻ വർധന; 88 ശതമാനവും ബി.ജെ.പി സംസ്ഥാനങ്ങളിൽ നിന്നെന്ന് ഹേറ്റ് ലാബ് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: 2025ൽ ഇന്ത്യയിലുടനീളമുള്ള മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വൻ വർധനയെന്നും ഇത് ഏറ്റവും കൂടുതൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണെന്നും പുതിയ ‘ഇന്ത്യ ഹേറ്റ് ലാബ്’ റിപ്പോർട്ട്. ആകെ 1,318 വിദ്വേഷ പ്രസംഗ സംഭവങ്ങൾ രേഖപ്പെടുത്തിയതായും പ്രതിദിനം ശരാശരി നാല് വിദ്വേഷ പ്രസംഗ സംഭവങ്ങൾവരെ നടക്കുന്നുവെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2024ൽ രേഖപ്പെടുത്തിയ 1,165 സംഭവങ്ങളെ മറികടന്ന് 13ശതമാനം വർധനയാണിത് കാണിക്കുന്നത്. 2023ൽ അത്തരം 668 സംഭവങ്ങൾ രേഖപ്പെടുത്തിയിരുന്നു. 97ശതമാനം വർധനയാണ് അന്നത്തേതിൽ നിന്ന് ഇത് സൂചിപ്പിക്കുന്നത്.
ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന ഗ്രൂപ്പായി മുസ്‍ലിംകൾ തുടരുന്നു. മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗം 2024 മുതൽ 12ശതമാനത്തോളം വർധിച്ചു. ക്രിസ്ത്യൻ വിരുദ്ധ വിദ്വേഷം ഇതിലും വേഗത്തിൽ വളർന്നു. മുൻ വർഷത്തേക്കാൾ ഏകദേശം 41ശതമാനം വർധിച്ചു. ‘സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റി’ന്റെ ഒരു പ്രോജക്ടായ ഐ.എച്ച്.എൽ, 2025 ക്രിസ്മസ് വേളയിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള ‘ദി ക്വിന്റ്’ റിപ്പോർട്ടും എടുത്തുകാണിച്ചു.
കഴിഞ്ഞ വർഷം, രാഷ്ട്രീയ നേതാക്കളും ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങളും മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും അവിശ്വസ്തരും, ദേശവിരുദ്ധരും, അപകടകാരികളും, ജനസംഖ്യാപരമായി ഭീഷണിപ്പെടുത്തുന്നവരുമായി ചിത്രീകരിച്ച് ഭയപ്പെടുത്തുന്നതും ബലിയാടുകളാക്കുന്നതും ആയ ആഖ്യാനങ്ങൾ ഉപയോഗിച്ചതായി ഐ.എച്ച്.എൽ നിരീക്ഷിച്ചു.
ഒരിക്കൽ പ്രാന്തപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ആഖ്യാനങ്ങൾ ഇപ്പോൾ പൊതുചർച്ചയുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നുവെന്നും അവ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നുവെന്നും ദേശീയ സ്വത്വത്തെയും സുരക്ഷയെയും കുറിച്ചുള്ള സംവാദങ്ങളിൽ വിഷയീഭവിക്കുന്നുവെന്നും അത് നിരീക്ഷിക്കുന്നു.
ബി.ജെ.പിയുടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ പുഷ്കർ സിങ് ധാമിയാണ് വിദ്വേഷ പ്രസംഗം നടത്തിയതിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമത് എ.എച്ച്.പി തലവൻ പ്രവീൺ തെഗാഡിയയും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആറാമതും യു.പി മുഖ്യമന്ത്രി ആദിത്യനാഥ് ഒമ്പതാം സ്ഥാനത്തുമാണുള്ളത്.
സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ, ആകെ വിദ്വേഷ പ്രസംഗങ്ങളിൽ 1,164 ഉണ്ടായത് ബി.ജെ.പി ഭരണ സംസ്ഥാനങ്ങളിൽ നിന്നാണ്. ഉത്തർപ്രദേശിൽ 266, മഹാരാഷ്ട്രയിൽ 193, മധ്യപ്രദേശിൽ 172, ഉത്തരാഖണ്ഡിൽ 155, ഡൽഹിയിൽ 76 എന്നിങ്ങനെയാണ്. ഏറ്റവും കുറവ് കേരളത്തിലാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ 40, തെലങ്കാനയിൽ 16, ഹിമാചൽ പ്രദേശിൽ 29 എന്നിങ്ങനെയാണ് കണക്ക്.
ഐക്യരാഷ്ട്രസഭയുടെ വിദ്വേഷ പ്രസംഗത്തിന്റെ നിർവചനത്തിന്റെ അടിസ്ഥാനത്തിൽ വിദ്വേഷ പ്രസംഗ സംഭവങ്ങളെ തരം തിരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഗൂഢാലോചന സിദ്ധാന്തങ്ങൾ, അക്രമത്തിനും ആയുധങ്ങൾക്കും വേണ്ടിയുള്ള ആഹ്വാനങ്ങൾ, സാമൂഹികമോ സാമ്പത്തികമോ ആയ ബഹിഷ്‌കരണങ്ങൾക്കുള്ള ആഹ്വാനങ്ങൾ, ആരാധനാലയങ്ങൾ പിടിച്ചെടുക്കാനോ നശിപ്പിക്കാനോ ഉള്ള ആഹ്വാനങ്ങൾ, ഭാഷയെ മനുഷ്യത്വരഹിതമാക്കൽ, ഇന്ത്യയിൽ താമസിക്കുന്ന അഭയാർഥികളെ ലക്ഷ്യം വെച്ചുള്ള പ്രസംഗങ്ങൾ എന്നിവയടക്കം ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

