ജില്ല ആശുപത്രിയിൽ പത്തിവിടർത്തി രാജവെമ്പാല; ഭയന്നോടി പൂജാരിയും രോഗികളും
text_fieldsമാൽക്കാൻഗിരി: ഒഡീഷയിലെ മാൽക്കാൻഗിരി ജില്ല ആസ്ഥാന ആശുപത്രി വളപ്പിൽ കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തിയത് പരിഭ്രാന്തിക്കിടയാക്കി. ബുധനാഴ്ച രാവിലെ ആശുപത്രി പരിസരത്തെ ഗണേശ ക്ഷേത്രത്തിനുള്ളിൽ പതിവ് പൂജകൾക്കായി എത്തിയ പൂജാരിയാണ് പത്തിവിടർത്തി നിൽക്കുന്ന നിലയിൽ കൂറ്റൻ രാജവെമ്പാലയെ കണ്ടത്.
ഭയന്ന പൂജാരി നിലവിളിച്ച് പുറത്തേക്ക് ഓടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിലുണ്ടായിരുന്ന രോഗികളും ബന്ധുക്കളും ഉൾപ്പെടെയുള്ള വലിയൊരു ജനക്കൂട്ടം ക്ഷേത്രത്തിന് സമീപം തടിച്ചുകൂടി.
വിവരമറിഞ്ഞ ഉടൻ തന്നെ ആശുപത്രി അധികൃതർ പ്രാദേശിക സ്നേക്ക് ഹെൽപ്പ് ലൈനിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പാമ്പ് പിടുത്ത വിദഗ്ധർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടി. ഇതിനകം തന്നെ പാമ്പ് ഒരു എലിയെ വിഴുങ്ങിയിരുന്നു. ആർക്കും പാമ്പ് കടിയേറ്റില്ല.
ആശുപത്രി കോംപ്ലക്‌സിന് സമീപമുള്ള ഇടതൂർന്ന കാടുകളിൽ നിന്നാകാം പാമ്പ് എത്തിയതെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. വന്യജീവികൾ ആശുപത്രി വളപ്പിലേക്ക് കടക്കുന്നത് തടയാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

