Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാപ്പോട്​ മാപ്പ്​;...

മാപ്പോട്​ മാപ്പ്​; ബി.ജെ.പി വിട്ടുവരുന്നവരെ മൊട്ടയടിച്ച്​, ശുദ്ധീകരിച്ച്​ തിരിച്ചെടുത്ത്​ തൃണമൂൽ -VIDEO

text_fields
bookmark_border
മാപ്പോട്​ മാപ്പ്​; ബി.ജെ.പി വിട്ടുവരുന്നവരെ മൊട്ടയടിച്ച്​, ശുദ്ധീകരിച്ച്​ തിരിച്ചെടുത്ത്​ തൃണമൂൽ -VIDEO
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇപ്പോൾ മാപ്പുകാലമാണ്​. നിയമസഭാ തെരഞ്ഞെടുപ്പിൽ കാടിളക്കിയ പ്രചാരണം കണ്ട്​ തൃണമൂൽവിട്ട്​ ബി.ജെ.പിയിൽ ചേർന്നവരാണ്​ ഇപ്പോൾ തിരിച്ചെടുക്കണമെന്ന അപേക്ഷയുമായി സംസ്​ഥാനത്തുടനീളമുള്ള തൃണമൂൽ ഓഫിസുകളിലെത്തി മാപ്പിരക്കുന്നത്​. മുൻ എം.പിമാ​ർ, എം.എൽ.എമാർ മുതൽ താഴെക്കിടയിലുള്ള പ്രവർത്തകർ വരെ ഈ ലിസ്റ്റിലുണ്ട്​. എന്നാൽ, ഒരുമാപ്പുപറച്ചിൽ കൊണ്ടൊന്നും തീരുന്നതല്ല ഇവർ ചെയ്​ത തെറ്റ്​ എന്ന നിലപാടിലാണ്​ തൃണമൂലിന്‍റെ ലോക്കൽ ഭാരവാഹികളും പ്രവർത്തകരും. ചെയ്​ത തെറ്റിന്​ പ്രായശ്​ചിത്തം ചെയ്​ത്​ തിരിച്ചുവരാൻ ചില കടമ്പകൾ കടക്കണമെന്നാണ്​ അവരുടെ ആവശ്യം.

ഇതിന്‍റെ ഭാഗമായാണ്​ ജൂൺ 19ന് ബിർഭൂമിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക ഓഫിസിന് സമീപം നടന്ന ചടങ്ങ്​. 'ഞങ്ങൾക്ക്​ മാപ്പ്​ നൽകണം', 'ബി.ജെ.പിയിൽ ചേർന്നത് ഒരു മണ്ടത്തരമായിരുന്നു', 'ബി.ജെ.പി സ്വേച്ഛാധിപതികളുടെ പാർട്ടിയാണ്, ദയവായി ഞങ്ങളോട് ക്ഷമിച്ച് ഞങ്ങളെ തിരികെ കൊണ്ടുപോകുക' എന്നിങ്ങനെ മാപ്പെഴുതിയ പോസ്റ്ററുകൾ പിടിച്ച്​ 300ഓളം ബി.ജെ.പി പ്രവർത്തകർ അവിടെ വരിനിന്നു. തുടർന്ന്​, സ്​ഥലത്തെ തൃണമൂൽ നേതാക്കളെത്തി ഇവരെ ഗംഗാജലം തളിച്ച് തൃണമൂലിൽ അംഗത്വം നൽകി തിരിച്ചെടുത്തു.

ചില സ്​ഥലങ്ങളിൽ തല​ മൊട്ടയടിച്ചും അണുനശീകരണി തളിച്ചുമൊക്കെയാണ്​ ചടങ്ങ്​ കൊഴുപ്പിക്കുന്നത്​. ബാറ്ററിയിൽ പ്രവർത്തിക്കുന്ന റിക്ഷകളിൽ നാടുചുറ്റി, മുച്ലേക്ക എന്നറിയപ്പെടുന്ന പരസ്യമായ മാപ്പുചോദിക്കലും നടക്കുന്നുണ്ട്​. അതേസമയം, തൃണമൂൽ കോൺഗ്രസ്​ സംസ്​ഥാന കമ്മിറ്റിയോ ജില്ല കമ്മറ്റിയോ ഇത്തരം ചടങ്ങ്​ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന്​ നേതാക്കൾ പറഞ്ഞു. തങ്ങൾക്ക്​ ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് അവർ വ്യക്​തമാക്കി.

പ്രാദേശിക തൃണമൂൽ യൂനിറ്റുകൾ, പ്രത്യേകിച്ച് ബിർഭൂം ജില്ലയിലെ ഘടകങ്ങളാണ്​ തിരിച്ചെടുക്കൽ ചടങ്ങ്​ പൊടിപൊടിക്കുന്നത്​. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടു​നിലയിൽ ബി.​െജ.പി വൻമുന്നേറ്റമുണ്ടാക്കിയ ജില്ലയാണിത്​. ജില്ലയിലെ രണ്ട് പാർലമെന്റ് സീറ്റുകളിലൊന്നിലും വിജയിച്ചി​ല്ലെങ്കിലും വോട്ടുനിലയിൽ 11 നിയമസഭ മണ്ഡലങ്ങളിൽ അഞ്ചിലും ലീഡ് നേടിയിരുന്നു. ഈ മുന്നേറ്റത്തിൽ കണ്ണുമഞ്ഞളിച്ച്​ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ജില്ലയിൽ നിരവധിപേരാണ്​ തൃണമൂൽ വിട്ട്​ സംഘ്​ പാളയത്തിലെത്തിയത്​. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി എട്ടുനിലയിൽ പൊട്ടി. 11 മണ്ഡലങ്ങളിൽ 10ലും തൃണമൂൽ വെന്നിക്കൊടി പാറിച്ചു. ഇതോടെയാണ്​ പാർട്ടി വിട്ടവർ തിരിച്ചുവരവ്​ തുടങ്ങിയത്​.

ബി.ജെ.പിയിൽ ചേർന്നത്​ തങ്ങൾക്ക്​ സംഭവിച്ച വീഴ്ചയാ​ണെന്ന് തിരിച്ചറിഞ്ഞ്​ ബിർഭൂമിൽ മാത്രം 25,000 പേർ പാർട്ടിയിൽ തിരിച്ചുവന്നതായി മുതിർന്ന തൃണമൂൽ നേതാവും ജില്ല പ്രസിഡന്‍റുമായ അനുബ്രത മൊണ്ടാൽ 'ദി പ്രിന്‍റി'നോട് പറഞ്ഞു. മാപ്പുചടങ്ങുമായി തൃണമൂൽ നേതൃത്വത്തിന്​ ബന്ധമില്ലെന്നും തങ്ങളെ ആക്രമിക്കുന്ന പാർട്ടിയിൽനിന്ന് മടങ്ങിവരുന്നവർ ചില കാര്യങ്ങൾ ചെയ്യണമെന്ന് ഗ്രാമവാസികളാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഗ്രാമീണർ അവരെ പ്രായശ്ചിത്തം ചെയ്യിക്കുന്നു, ഇത് സ്വഭാവികമാണ്' -ബർദമാനിലെ മംഗൽകോട്ട്, കേതുഗ്രാം, ആയുഷ് ഗ്രാം എന്നീ മേഖലകളുടെ ചുമതല വഹിക്കുന്ന മൊണ്ടാൽ പറഞ്ഞു.

അത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന് ജില്ല കമ്മറ്റികൾ​ക്കോ ബ്ലോക്ക് നേതൃത്വത്തിനോ നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് സംസ്​ഥാന നേതാക്കൾ പറഞ്ഞു. 'ഞങ്ങൾ ആരോടും പ്രതികാരം ചെയ്യുന്ന പാർട്ടിയല്ല. സഹിഷ്ണുത കാണിക്കാനും ദയ കാണിക്കാനുമാണ്​ പാർട്ടിക്ക്​ ലഭിച്ച വിജയത്തിന്‍റെ പശ്​ചാത്തലത്തിൽ അണികളോട്​ ആവശ്യപ്പെട്ടത്​" -തൃണമൂൽ എംപി സുഖേന്ദു ശേഖർ റോയ് പറഞ്ഞു.

പരസ്യമാപ്പ്​ തുടങ്ങിയിട്ട്​ ഒരുമാസം

ബി.ജെ.പിയിൽ പോയി തിരിച്ചുവരുന്നവർ പരസ്യമാപ്പ് പറയാൻ തുടങ്ങിയിട്ട്​ ഏതാണ്ട്​ ഒരുമാസമായി. ജൂൺ 8 നാണ് ഇത്തരത്തിലുള്ള ആദ്യസംഭവം. ബിർഭൂമിലെ ഒരു കൂട്ടം ബി.ജെ.പി പ്രവർത്തകർ റിക്ഷയിൽ തങ്ങളുടെ പഞ്ചായത്ത് പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങിയാണ്​ മാപ്പ്​ ചോദിച്ചത്​. 'വ്യാജപ്രചാരണങ്ങളിൽ കുടുങ്ങിയാണ്​ തങ്ങൾ പാർട്ടിവിട്ടത്​. തങ്ങൾക്ക്​ തെറ്റുപറ്റി. മാപ്പുനൽകണം'' എന്നായിരുന്നു ഇവരുടെ അഭ്യർഥന. ബിജെപി പതാക വാഹനത്തിൽ തൂക്കിയായിരുന്നു പര്യടനം. അതിനുശേഷം ജില്ലയിലെ ഗ്രാമങ്ങളിൽ ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂൺ 24 ന്​ ബിർഭൂമിലെ ഇല്ലംബസാറിൽ 150 ഓളം ബിജെപി പ്രവർത്തകരാണ്​ തൃണമൂലിൽ ചേർന്നത്. ഇവരെ അണുനാശിനി തളിച്ച്​ 'ശുദ്ധീകരിച്ചു'. ജൂൺ 19 ന് ബിർഭുമിലെ തന്നെ സൈന്യയിൽ 300 ഓളം പ്രവർത്തകർക്ക്​ "ശുദ്ധീകരണ ക്യാമ്പ്'​ നടത്തി.

"പാർട്ടിയിലേക്ക്​ വരുന്നവർ സ്വമേധയാ ചെയ്​തതാണിത്​. അവർ ചെയ്​ത തെറ്റിന്​ അവർ അനുതപിക്കുന്നു. ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടില്ല" -മൊണ്ടാൽ പറഞ്ഞു. "പലയിടത്തും അവർ പരസ്യമായി മാപ്പ് എഴുതി ഞങ്ങളോടൊപ്പം ചേരുന്നു. പാർട്ടിയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന നേതാക്കളിൽനിന്നും തൊഴിലാളികളിൽനിന്നും എനിക്ക് ഇപ്പോഴും നൂറുകണക്കിന് കോളുകൾ ലഭിക്കുന്നു" -അദ്ദേഹം കൂട്ടിച്ചേർത്തു.


ഹൂഗ്ലിയിലെ ഖനാകൂലിൽ ജൂൺ 22 ന് 200 ഓളം ബിജെപി പ്രവർത്തകർ തൃണമൂലിൽ ചേർന്നു. അതിൽ അരഡസനോളം പേർ തല മൊട്ടയടിച്ച്​ പ്രായശ്​ചിത്തം ചെയ്​തു. "ഇത്​ ഔദ്യോഗിക പരിപാടിയല്ല. ഗ്രാമങ്ങളിൽ അങ്ങനെ പലരും പലതും ചെയ്യുന്നു. ഇവയ്‌ക്കെല്ലാം നമ്മൾ എങ്ങനെയാണ്​ ഉത്തരവാദികളാവുക?' -ചടങ്ങിനെക്കുറിച്ച്​ ചോദിച്ചപ്പോൾ തൃണമൂൽ ഹൂഗ്ലി ജില്ലാ പ്രസിഡന്‍റ്​ ദിലീപ് ജാദവിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.

''മറ്റുപാർട്ടികളിൽ നിന്നും ആളുകളെ ഉൾപ്പെടുത്തുന്നതിന്​ ഞങ്ങൾക്ക് കർശനമായ പ്രക്രിയയുണ്ട്. അവരുടെ പട്ടിക തയ്യാറാക്കി സംസ്ഥാന കമ്മിറ്റിക്ക് അയക്കണം. നേതാക്കൾ ആ പട്ടിക പരിശോധിച്ച് അംഗീകരിച്ചശേഷം മാത്രമേ അംഗത്വം നൽകാൻ കഴിയൂ" -അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalTMCMamataBJP
News Summary - How TMC is ‘welcoming’ workers who went to BJP
Next Story