യു.പിയിൽനിന്ന് കോൺഗ്രസിന് എത്ര എം.പിമാർ?
text_fieldsന്യൂഡൽഹി: സമാജ്വാദി പാർട്ടി പിന്തുണയോടെ 17 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് ഉത്തർപ്രദേശിൽനിന്ന് എത്ര എം.പിമാരെ സംഭാവന ചെയ്യും? സംസ്ഥാനത്തെ 80ൽ 63 സീറ്റ് സമാജ്വാദി പാർട്ടിയും 17 സീറ്റ് കോൺഗ്രസും പങ്കിട്ടെടുത്ത് സഖ്യം രൂപവത്കരിച്ചതിനു പിന്നാലെ കൂട്ടലും കിഴിക്കലും തകൃതി.
2014ൽ റായ്ബറേലിയിലും അമേത്തിയിലും ജയിച്ച കോൺഗ്രസിന് 2019ൽ റായ്ബറേലി സീറ്റ് മാത്രമാണ് യു.പിയിൽ കിട്ടിയത്. സോണിയ ഗാന്ധി ആരോഗ്യപരമായ കാരണങ്ങളാൽ മണ്ഡല പര്യടനം തന്നെ നടത്തിയില്ലെങ്കിലും 56 ശതമാനം വോട്ട് പിടിച്ചു. അതേസമയം, കഴിഞ്ഞ തവണ ഒറ്റക്കായിരുന്നു സംസ്ഥാനത്തെ പോരാട്ടം. ബി.ജെ.പിയും സഖ്യകക്ഷികളും ഒരുവശത്ത്; സമാജ്വാദി പാർട്ടി, ബി.എസ്.പി, ആർ.എൽ.ഡി എന്നിവ ഉൾപ്പെട്ട സഖ്യം മറുവശത്ത്. ഇതിനിടയിൽ കോൺഗ്രസിന് സംസ്ഥാനത്തെ വോട്ടുശതമാനം തന്നെ നേർത്തുപോയി.
സമാജ്വാദി പാർട്ടിയുമായി പറഞ്ഞുറപ്പിച്ച 17 സീറ്റിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് കഴിഞ്ഞതവണ കോൺഗ്രസിന് 15 ശതമാനത്തിൽ കൂടുതൽ വോട്ട് കിട്ടിയത്. കണക്ക് ഇങ്ങനെ: റായ്ബറേലി -56.5 ശതമാനം, അമേത്തി -44.1, കാൻപൂർ -37.9, സഹരൺപൂർ -16.7, ഫത്തേപൂർ സിക്രി -16.7, വാരാണസി 14.5, ബാരാബങ്കി -13.9. ബൻസ്ഗാവ്, പ്രയാഗ് രാജ്, മഹാരാജ് ഗഞ്ച്, അംറോഹ, ഝാൻസി, ബുലന്ദ് ശഹർ, ഗാസിയാബാദ്, മഥുര, സീതാപൂർ, ദേവ്രിയ എന്നീ സീറ്റുകളിൽ 10 ശതമാനത്തിൽ താഴെയായിരുന്നു വോട്ട്.
കോൺഗ്രസ് ഇത്തവണ മത്സരിക്കുന്ന 17 സീറ്റിൽ 11 ഇടത്ത് ബി.ജെ.പിക്ക് കഴിഞ്ഞതവണ 50 ശതമാനത്തിലേറെ വോട്ടുകിട്ടി. ഈ മണ്ഡലങ്ങളിൽ സമാജ്വാദി പാർട്ടിക്കും വലിയ സ്വാധീനമില്ല. നെഹ്റു കുടുംബാംഗങ്ങൾ മത്സരിച്ച റായ്ബറേലി, അമേത്തി എന്നിവിടങ്ങളിൽ അവർ സ്ഥാനാർഥിയെ നിർത്തിയില്ല. ഇപ്പോൾ കോൺഗ്രസിന് നൽകിയ 17ൽ ഏഴിടത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.എസ്.പി, ആർ.എൽ.ഡി പിന്തുണയോടെ സമാജ്വാദി പാർട്ടി മത്സരിച്ചപ്പോൾ നാലിടത്തു മാത്രമാണ് 30 ശതമാനം വോട്ടുകിട്ടിയത്. ഒരിടത്തും ജയിച്ചില്ല. കോൺഗ്രസിന്റെ ഇന്നത്തെ 17ൽ ഏഴിടത്ത് മത്സരിച്ച ബി.എസ്.പി രണ്ട് സീറ്റിൽ ജയിച്ചു.
2014ൽ ഇന്നത്തെ 17ൽ 13 സീറ്റിൽ കോൺഗ്രസ് മത്സരിച്ചതാണ്. അമേത്തിയും റായ്ബറേലിയും ഒഴികെ എല്ലാ സീറ്റും ബി.ജെ.പി പിടിച്ചു. 13ൽ നാലിടത്തു മാത്രമാണ് 30 ശതമാനം വോട്ട് കോൺഗ്രസ് നേടിയത്. ആറിടത്ത് 10 ശതമാനത്തിൽ താഴെയാണ് കിട്ടിയ വോട്ട്. യു.പി.എ സർക്കാറിനെ രണ്ടാമൂഴത്തിലേക്ക് നയിച്ച 2009ൽ പക്ഷേ, ഇതായിരുന്നില്ല സ്ഥിതി.
ഇന്നത്തെ 17ൽ ആറിടത്ത് കോൺഗ്രസ് സ്വന്തംനിലക്ക് ജയിച്ചു. നാലിടത്ത് ബി.എസ്.പി, മൂന്നിടത്ത് ബി.ജെ.പി, രണ്ടു സീറ്റിൽ വീതം സമാജ്വാദി പാർട്ടി, ആർ.എൽ.ഡി എന്നിങ്ങനെയായിരുന്നു ഫലം. 2009ലെ വോട്ടുശതമാനം വെച്ചു നോക്കിയാൽ സമാജ്വാദി പാർട്ടിയും കോൺഗ്രസും ഒന്നിച്ചുനിൽക്കുക വഴി 17ൽ 11 സീറ്റിൽ ജയിക്കാം. പക്ഷേ, കാലവും കഥയും മാറിപ്പോയ യു.പിയിൽ അതിന് കഴിയുമോ എന്ന ചോദ്യം ബാക്കി. 2022 നിയമസഭ തെരഞ്ഞെടുപ്പിൽ 403ൽ 255 സീറ്റ് ബി.ജെ.പിയും 111 സീറ്റ് എസ്.പിയും നേടി. ഇപ്പോൾ കോൺഗ്രസിന് വിട്ടുകൊടുത്ത 17ൽ 11 ഇടത്ത് എസ്.പിക്ക് 30 ശതമാനം വോട്ടുനേടാൻ 2022ൽ സാധിച്ചു.
എന്നാൽ, 12 ഇടത്ത് കോൺഗ്രസിന് അഞ്ചുശതമാനം വോട്ടാണ് കിട്ടിയത്. സമാജ്വാദി പാർട്ടിയുടെ മുഴുവൻ വോട്ടും കോൺഗ്രസ് സ്ഥാനാർഥികൾക്ക് കിട്ടിയാൽ 2022ലെ വോട്ടുനിലയനുസരിച്ച് നാലു സീറ്റിൽ കോൺഗ്രസിന് ജയിക്കാം. എന്നാൽ, എസ്.പിയുടെ വോട്ട് പൂർണമായും കോൺഗ്രസ് സ്ഥാനാർഥികൾക്ക് കിട്ടുമോ? ചോദ്യം ബാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

