15 വർഷത്തിനിടെ യു.എസ് നാടുകടത്തിയത് 15,756 ഇന്ത്യക്കാരെ; കണക്കുകൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രി
text_fieldsന്യൂഡൽഹി: അനധികൃതമായി കുടിയേറിയ നൂറിലേറെ ഇന്ത്യക്കാരെ യു.എസ് തിരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ രാജ്യസഭയിൽ യു.എസിൽനിന്ന് തിരിച്ചയക്കുന്ന സംഭവം പുതിയതല്ലെന്നും വർഷങ്ങളായി നടന്നുവരുന്ന കാര്യമാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു. 2009 മുതൽ രാജ്യത്തേക്ക് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണവും വിദേശകാര്യ മന്ത്രി അവതരിപ്പിച്ചു. ഇക്കാലയളവിൽ 15,756 അനധികൃത കുടിയേറ്റക്കാരെ യു.എസ് ഇന്ത്യയിലേക്ക് അയച്ചെന്നും ഏതെങ്കിലും ഒരു രാജ്യത്തു മാത്രമുള്ള പ്രശ്നമല്ല ഇതെന്നും ജയശങ്കർ പറഞ്ഞു.
വിദേശകാര്യ മന്ത്രി രാജ്യസഭയിൽ നൽകിയ കണക്കുകൾ പ്രകാരം 2019ലാണ് യു.എസിൽനിന്ന് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ചത്. 2,042 പേരാണ് അക്കൊല്ലം രാജ്യത്തേക്ക് തിരിച്ചെത്തിയത്. കോവിഡ് മഹാമാരി വ്യാപകമായ 2020ൽ 1,889 പേരെയും കഴിഞ്ഞ വർഷം 1,368 പേരെയും യു.എസ് ഇന്ത്യയിലേക്ക് നാടുകടത്തി. 2016 (1,303), 2018 (1,180), 2017 (1,024) എന്നീ വർഷങ്ങളാണ് ഇതിനു പിന്നിലുള്ളത്.
104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായെത്തിയ യു.എസ് സൈനിക വിമാനം ബുധനാഴ്ചയാണ് അമൃത്‌സറിൽ എത്തിയത്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയത്തിന്റെ ഭാഗമായെത്തിയ ആദ്യ വിമാനമാണിത്. വിവിധ സംസ്ഥാനങ്ങളിൽനിന്നായാണ് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പേരെ നാടുകടത്തുമെന്നും വിവരമുണ്ട്. അമൃത്‌സറിൽ എത്തിയവരിൽ 33 വീതം പേർ ഹരിയാന, ഗുജറാത്ത് സ്വദേശികളാണ്. 30 പേർ പഞ്ചാബ് സ്വദേശികളും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് വീതം പേരും ചണ്ഡിഗഡിൽ നിന്നുള്ള ഒരാളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

