ആക്രമണം പാകിസ്താനെ അറിയിച്ചതിനാൽ ഇന്ത്യക്ക് എത്ര വിമാനങ്ങൾ നഷ്ടമായി?; ചോദ്യം ആവർത്തിച്ച് രാഹുൽ
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭീകരവാദ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് പാകിസ്താനെ മുൻകൂട്ടി അറിയിച്ചത് വീഴ്ചയല്ലെന്നും കുറ്റകൃത്യമാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ പ്രത്യാക്രമണം പാകിസ്താൻ അറിഞ്ഞതിനാൽ ഇന്ത്യക്ക് എത്ര വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഓപറേഷൻ ആരംഭിക്കുമ്പോൾതന്നെ പാകിസ്താന് സന്ദേശം അയച്ചിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറയുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചായിരുന്നു രാഹുലിന്റെ ചോദ്യം.
രാഹുൽ രണ്ടുദിവസം മുമ്പും സമാന ചോദ്യം ഉന്നയിച്ചിരുന്നു. വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയങ്കറിന്റെ മൗനം ഭയാനകമാണെന്നും രാഹുൽ പറഞ്ഞു. പാകിസ്താനുമായി ആക്രമണങ്ങൾക്ക് മുമ്പ് വിവരം പങ്കുവെച്ചതിനാൽ ഹാഫിസ് സഈദ്, മസ്ഊദ് അസ്ഹർ തുടങ്ങിയ ഭീകർക്ക് രക്ഷപ്പെടാനായി എന്ന് വ്യക്തമാണെന്ന് തിങ്കളാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് പവൻഖേര കുറ്റപ്പെടുത്തി. സർക്കാർ നടപടി നയതന്ത്രമല്ല. ചാരവൃത്തിയും വഞ്ചനയുമാണ്. ജയശങ്കറും പ്രധാനമന്ത്രിയും ഇതിന് ഉത്തരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

