Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രപതി...

രാഷ്ട്രപതി തെരഞ്ഞെടുപ്പ് എങ്ങനെ?

text_fields
bookmark_border
രാഷ്ട്രപതി തെരഞ്ഞെടുപ്പ് എങ്ങനെ?
cancel
Listen to this Article

വോട്ടർമാർ: ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് വോട്ടർമാർ. നാമനിർദേശം ചെയ്യപ്പെട്ടവർക്ക് വോട്ടവകാശമില്ല. 543 ലോക്സഭാംഗങ്ങൾ, 243 രാജ്യസഭാംഗങ്ങൾ, 4,033 എം.എൽ.എമാർ എന്നിങ്ങനെ 4,809 സമ്മതിദായകർ.

സ്ഥാനാർഥി: 35 വയസ് കഴിഞ്ഞ ഇന്ത്യൻ പൗരന് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാം. പ്രതിഫലം പറ്റുന്ന സർക്കാർ പദവികളിലിരുന്ന് മത്സരിക്കാൻ പറ്റില്ല. അഞ്ചു വർഷമാണ് രാഷ്ട്രപതിയുടെ കാലാവധി.

എം.എൽ.എമാരുടെ വോട്ടുമൂല്യം: വോട്ടർമാരുടെ എണ്ണമല്ല, വോട്ടു മൂല്യമാണ് ജയപരാജയം തീരുമാനിക്കുക. എം.എൽ.എമാരുടെ ആകെ വോട്ടുമൂല്യം 5,43,231. ജനസംഖ്യക്ക് ആനുപാതികമാണ് വോട്ടുമൂല്യം. അതുകൊണ്ട് ഓരോ സംസ്ഥാനത്തെയും എം.എൽ.എമാരുടെ വോട്ടുമൂല്യം വ്യത്യസ്തം. 1971ലെ സെൻസസ് പ്രകാരമുള്ള സംസ്ഥാന ജനസംഖ്യയെ (ആകെ നിയമസഭ സീറ്റുകൾ x 1000) കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ഒരു എം.എൽ.എയുടെ വോട്ടു മൂല്യം.

കേരളത്തിന്റെ മൂല്യം: കേരളത്തിലെ ഒരു എം.എൽ.എയുടെ വോട്ടു മൂല്യം 152 ആണ്. ഇതു കിട്ടുന്നത് 2,13,47,375 എന്ന ജനസംഖ്യയെ 1,40,000 കൊണ്ട് (ആകെ നിയമസഭ സീറ്റുകൾ x 1000) ഹരിക്കുന്നതിലൂടെയാണ്. ഏറ്റവും ഉയർന്ന വോട്ടു മൂല്യം യു.പിയിൽ -208.

എം.പിമാരുടെ വോട്ടു മൂല്യം: എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടു മൂല്യത്തെ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ ആകെ എണ്ണം കൊണ്ട് ഹരിക്കുന്നു. 5,43,200 ആണ് ആകെ വോട്ടുമൂല്യം. ആകെ എം.പിമാർ 776. ഫലത്തിൽ ഒരു എം.പിയുടെ വോട്ടുമൂല്യം 700.

പത്രിക സമർപ്പണം: വോട്ടർമാരിൽ 50 പേർ നാമനിർദേശം ചെയ്യണം. 50 പേർ പിന്താങ്ങണം. സ്ഥാനാർഥി ഒപ്പുവെച്ച് നൽകുന്ന ഈ പത്രികക്കൊപ്പം 15,000 രൂപ കെട്ടിവെക്കണം. ഒരാൾക്കു വേണ്ടി നാലിൽ കൂടുതൽ പത്രിക നൽകാൻ പാടില്ല. ഒരാൾ ഒന്നിൽ കൂടുതൽ നാമനിർദേശം നടത്തുകയോ പിന്താങ്ങുകയോ ചെയ്യരുത്. രാജ്യസഭ സെക്രട്ടറി ജനറലാണ് വരണാധികാരി.

വോട്ടെടുപ്പ്: എം.പിമാർക്ക് പാർലമെന്റ് മന്ദിരവും എം.എൽ.എമാർക്ക് അതാതു സംസ്ഥാന നിയമസഭ മന്ദിരവുമാണ് വോട്ടെടുപ്പു കേന്ദ്രങ്ങൾ. എന്നാൽ വോട്ടെടുപ്പിന് 10 ദിവസം മു​മ്പ് തെരഞ്ഞെടുപ്പു കമീഷനെ രേഖാമൂലം അറിയിക്കുന്ന എം.പിക്ക് നിയമസഭ മന്ദിരത്തിലും എം.എൽ.എക്ക് പാർലമെന്റിലും വോട്ടു ചെയ്യാം.

ബാലറ്റ് പേപ്പർ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രമല്ല, ബാലറ്റ് പേപ്പറാണ്. സ്ഥാനാർഥികൾക്ക് ചിഹ്നവും ഇല്ല. ബാലറ്റ് പേപ്പറിൽ ആദ്യ കോളത്തിൽ സ്ഥാനാർഥികളുടെ പേര്. രണ്ടാമത്തെ കോളത്തിൽ വോട്ടർക്ക് മുൻഗണനാക്രമം അടയാളപ്പെടുത്താം.

വോട്ടെണ്ണൽ: എല്ലാ സംസ്ഥാനത്തും വോട്ടെടുപ്പിന് സൗകര്യമുണ്ടെങ്കിലും വോട്ടെണ്ണൽ പാർലമെന്റ് മന്ദിരത്തിലാണ്. വോട്ടെടുപ്പു കഴിഞ്ഞാൽ വോട്ടു പെട്ടികൾ എല്ലായിടത്തു നിന്നും ഡൽഹിയിൽ എത്തിക്കുന്നു.

വോട്ടെടുപ്പില്ലാതെ ഒരു വട്ടം: രാഷ്ട്രപതി തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ വോട്ടെടുപ്പ് ഇല്ലാതിരുന്നത് 1977ൽ മാത്രം. നീലം സഞ്ജീവ റെഡി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 37 സ്ഥാനാർഥികൾ ഉണ്ടായിരുന്നു. എന്നാൽ സൂക്ഷ്മപരിശോധനയിൽ 36ഉം തള്ളിപ്പോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:president election
News Summary - how is conducting president election
Next Story