നാലുകാലിൽ വീണ്ടും എഴുന്നേറ്റു നിന്നു; എഴുന്നൂറിലധികം മൃഗങ്ങൾക്ക് കൃത്രിമക്കാലുകളിലൂടെ പുതിയ ജീവിതം നൽകി ഡോ. തപേഷ് മാഥുർ
text_fieldsജയ്പൂർ: തെലങ്കാനയിലെ കാള മുതൽ ജമ്മു കശ്മീരിൽ ‘ഓപറേഷൻ സിന്ദൂറി’നിടെ പരിക്കേറ്റ പശുവിന് വരെ കൃത്രിമക്കാലുകൾ വെച്ചുനൽകി ഒരു ഡോക്ടർ. രാജസ്ഥാനിലെ ജയ്പൂരിൽ വെറ്ററിനറി ഡോക്ടറായ തപേഷ് മാഥുർ ആരംഭിച്ച ‘കൃഷ്ണ ലിമ്പ്’ എന്ന സംരംഭത്തിലൂടെ രാജ്യത്തുടനീളമുള്ള 700-ലധികം മൃഗങ്ങൾക്കാണ് പുതിയ ജീവിതം ലഭിച്ചത്. കഴിഞ്ഞ 12 വർഷത്തിനിടെ 23 സംസ്ഥാനങ്ങളിലെ മൃഗങ്ങൾക്ക് തപേഷ് സൗജന്യമായും കുറഞ്ഞ ചെലവിലും കൃത്രിമക്കാലുകൾ വെച്ചുനൽകി.
പശുക്കൾ, കാളകൾ, കുതിരകൾ, നായ്ക്കൾ, മുയലുകൾ, ആടുകൾ, ഒട്ടകങ്ങൾ എന്നിവയെല്ലാം ഇതിൽപ്പെടും. കൃത്രിമക്കാലുകളുടെ സഹായത്തോടെ ഇവകൾക്ക് ഇപ്പോൾ സാധാരണ പോലെ നടക്കാനും ഓടാനും സാധിക്കും. കൃത്രിമ അവയവങ്ങൾ വാങ്ങാൻ സാമ്പത്തികമായി ശേഷിയില്ലാത്ത കർഷകർക്കും മൃഗസംരക്ഷകർക്കും തികച്ചും സൗജന്യമായാണ് ഡോക്ടർ ഇവ നൽകുന്നത്.
2013-ൽ ജയ്പൂരിലെ ഒരു ഗോ-പുനരധിവാസ കേന്ദ്രത്തിൽ ജോലി ചെയ്യുമ്പോഴാണ് ഡോ. മാഥുർ ഈ ആശയത്തിന് തുടക്കമിട്ടത്. റോഡപകടങ്ങളിൽ പരിക്കേറ്റ നിരവധി മൃഗങ്ങൾ അവിടെ ചികിത്സക്കായി എത്തുമായിരുന്നു. അക്കൂട്ടത്തിൽ കാൽ നഷ്ടപ്പെട്ട മൂന്ന് വയസ്സുള്ള ഒരു കാളക്കുട്ടിയിൽ അദ്ദേഹം ആദ്യമായി കൃത്രിമ അവയവം പരീക്ഷിച്ചു.
ഏറെ പ്രയത്നത്തിനൊടുവിൽ ആ പരീക്ഷണം വിജയിക്കുകയും കാളക്കുട്ടി ഓടാൻ തുടങ്ങുകയും ചെയ്തു. കറുത്ത നിറമുള്ള ആ കാളക്കുട്ടിയെ ആളുകൾ ‘കൃഷ്ണ’ എന്ന് വിളിക്കാൻ തുടങ്ങി. അങ്ങനെയാണ് ഈ സംരംഭത്തിന് ‘കൃഷ്ണ ലിമ്പ്’ എന്ന പേര് ലഭിച്ചതെന്ന് ഡോ. മാഥുർ പറയുന്നു.
ഒരു പരീക്ഷണമായി തുടങ്ങിയ ഈ സംരംഭം പിന്നീട് വലിയൊരു ദൗത്യമായി മാറി. പരിക്കേറ്റ മൃഗങ്ങളെ സഹായിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉൾഗ്രാമങ്ങളിലേക്കും ദുർഘട പ്രദേശങ്ങളിലേക്കും അദ്ദേഹം യാത്ര ചെയ്തു. ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് ജമ്മു കശ്മീർ അതിർത്തിയിലെ ‘ഓപറേഷൻ സിന്ദൂർ’ കാലഘട്ടം.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ‘ഗൗരി’ എന്ന പശുവിന് ഡോ. മാഥുർ കൃത്രിമക്കാൽ വെച്ചുനൽകിയിരുന്നു. ജമ്മു കശ്മീരിൽ ചായക്കട നടത്തുന്ന രാജേഷ് എന്നയാളുടെ പശുവായിരുന്നു ഗൗരി. തുടക്കത്തിൽ ഓൺലൈൻ വഴി ചികിത്സാ നിർദേശങ്ങൾ നൽകിയ അദ്ദേഹം, പിന്നീട് നേരിട്ടെത്തി ഗൗരിക്ക് കൃത്രിമക്കാൽ ഘടിപ്പിക്കുകയായിരുന്നു.
ഇതിനുപുറമെ അസമിലെ കുതിരക്കും ഉത്തർപ്രദേശിലെ പശുവിനും ഉൾപ്പെടെ നിരവധി മൃഗങ്ങൾക്ക് അദ്ദേഹം പുനർജന്മം നൽകി. എന്നാൽ, കൃത്രിമ അവയവങ്ങൾ വെച്ചുനൽകുന്നത് മാത്രം പോരെന്നും, മൃഗങ്ങളെ അവയുമായി ഇണക്കിചേർക്കുന്നതിൽ അവയുടെ ഉടമകളുടെ പങ്ക് വളരെ വലുതാണെന്നും ഡോക്ടർ പറയുന്നു. ‘കൃഷ്ണ ലിമ്പ്’ വഴിയുള്ള ഈ സേവനം കൂടുതൽ വ്യാപിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

