എമർജൻസി എക്സിറ്റിനടുത്ത സീറ്റിലിരുന്നതാണോ കാരണം; അഗ്നിഗോളമായി മാറിയ വിമാനത്തിൽ നിന്ന് ആ അത്ഭുത മനുഷ്യൻ രക്ഷപ്പെട്ടത് എങ്ങനെ?
text_fieldsഅഹ്മദാബാദ്: ക്രൂവടക്കം 242 യാത്രക്കാരുമായി സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട് സെക്കന്റുകൾക്കുള്ളിൽ തകർന്ന് തീഗോളമായി മാറിയ വിമാനത്തിലെ യാത്രക്കാരിൽ ഒരാൾ മാത്രം ജീവിതത്തിലേക്ക് തിരികെയെത്തി. യു.കെ പൗരത്വമുള്ള രമേശ് കുമാർ വിശ്വാസ് എന്ന 45കാരനാണ് ജീവിതത്തിലേക്ക് അത്ഭുതകരമായി ടേക്ക് ഓഫ് ലഭിച്ചത്. മരണക്കയത്തിലേക്ക് ആഴ്ന്നുപോകുന്നതിനിടെ, എങ്ങനെയാണ് താൻ രക്ഷപ്പെട്ടതെന്ന് വിശ്വാസ് കുമാറിനു പോലും വിശ്വസിക്കാൻ കഴിയുന്നില്ല. 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരൻമാരും ഒരു കനേഡിയൻ പൗരനും ഏഴ് പോർച്ചുഗീസ് പൗരൻമാരുമാണ് മരണപ്പെട്ടത്. 12 പേർ ക്രൂ അംഗങ്ങളാണ്.
എയർ ഇന്ത്യ വിമാനത്തിലെ എമർജൻസി എക്സിറ്റിനടുത്തായിരുന്നു വിശ്വാസിന്റെ 11എ എന്ന സീറ്റ്.
''ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. വിമാനം തകർന്ന് താഴേക്ക് പതിച്ച ആ നിമിഷങ്ങളിൽ മരണം അടുത്തെത്തിയിരിക്കുന്നുവെന്നാണ് എല്ലാവരെയും പോലെ ഞാനും ചിന്തിച്ചത്. പക്ഷേ...ഇപ്പോൾ ചുറ്റിലും നോക്കുമ്പോൾ ജീവനോടെയുണ്ടെന്ന ആ യാഥാർഥ്യം ഞാൻ മനസിലാക്കുകയാണ്. എങ്ങനെയാണ് രക്ഷപ്പെട്ടത് എന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല''-വിശ്വാസ് കുമാർ പറയുന്നു.
''റൺവേയിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിനുള്ളിലെ ലൈറ്റുകൾ പ്രകാശിക്കാൻ തുടങ്ങി. പിന്നീടത് ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറി.
വിമാനത്തിന്റെ ഭാഗങ്ങൾ നിലത്തേക്കുതിർന്നു വീണു. ഞാനിരുന്ന ഭാഗവും നിലത്തുതന്നെയായിരുന്നു. എന്നാൽ വിമാനം കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഇടിച്ചില്ല. ആദ്യം ഞാൻ വിചാരിച്ചത് മരിക്കാൻ പോവുകയാണ് എന്നാണ്. പിന്നീടാണ് യാഥാർഥ്യം മനസിലാക്കിയത്. വിമാനത്തിന്റെ പ്രധാന ഭാഗമായ ഫ്യൂസേജിൽ ഒരു വിടവ് കണ്ടു. ആ വിടവ് വലുതാക്കാൻ കാലുകൊണ്ട് ഒരു ശ്രമം നടത്തി. അതിലൂടെ പുറത്തേക്ക് ഇഴഞ്ഞു നീങ്ങി''-വിശ്വാസ് തുടർന്നു.
എങ്ങനെയാണ് രക്ഷപ്പെട്ടത് എന്നത് സത്യത്തിൽ അറിഞ്ഞുകൂടാ...കൺമുന്നിൽ മനുഷ്യർ ജീവനറ്റ് കിടക്കുന്നത് കണ്ടു. എയർഹോസ്റ്റസുമാരും എന്റെ സീറ്റിനടുത്തിരുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലൂടെ ഞാൻ നടന്നു. -വിശ്വാസ് പറഞ്ഞു.
വർഷങ്ങളായി ലണ്ടനിലാണ് വിശ്വാസ്. നാട്ടിലുള്ള കുടുംബത്തെ കണ്ട് സഹോദരനൊപ്പം മടങ്ങുമ്പോഴായിരുന്നു വിമാന അപകടത്തിൽ പെട്ടത്. രണ്ടുപേർക്കും ഒരേ സ്ഥലത്ത് സീറ്റ് ലഭിച്ചില്ല.
ബോർഡിങ് പാസ് ഇപ്പോഴുമുണ്ട് വിശ്വാസിന്റെ കൈയിൽ.
''എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ചുറ്റിലും മൃതദേഹങ്ങൾ. പേടിപ്പെടുന്ന കാഴ്ചയായിരുന്നു അത്. പെട്ടെന്ന് അവിടെ നിന്ന് എഴുന്നേറ്റ് ഓടാൻ തുടങ്ങി. വിമാനത്തിന്റെ ഭാഗങ്ങൾ ഛിന്നഭിന്നമായി കിടക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ എന്നെ താങ്ങിയെടുത്ത് ആംബുലൻസിൽ കയറ്റിയത് ഓർമയുണ്ട്. അവരെന്നെ ആശുപത്രിയിലേക്ക് മാറ്റി.-വിശ്വാസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

