വാർത്തസമ്മേളനത്തിൽ വനിത മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ അവർക്ക് എങ്ങനെ ധൈര്യം വന്നു -മഹുവ മൊയ്ത്ര
text_fieldsമഹുവ മൊയ്ത്ര
ന്യൂഡൽഹി: അഫ്ഗാനിസ്‍താന്റെ താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താഖി ഇപ്പോൾ ഇന്ത്യ സന്ദർശനത്തിലാണ്. വെള്ളിയാഴ്ച അദ്ദേഹം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. കൂടിക്കാഴ്ചയ്ക്കു ശേഷം, താലിബാൻ വിദേശകാര്യ മന്ത്രി ഒരു വാർത്തസമ്മേളനം നടത്തി, അതിൽ വനിത മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തിയില്ല.
ആകെ 20 മാധ്യമപ്രവർത്തകർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തിരുന്നു സ്ത്രീകളാരും ഉണ്ടായിരുന്നില്ല. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മുത്താഖിയും അഫ്ഗാൻ എംബസി ഉദ്യോഗസ്ഥരും തന്നെയാണ് വനിത മാധ്യമപ്രവർത്തകരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്ന് റിപ്പോർട്ടുണ്ട്.വിഷയം ഇപ്പോൾ വിവാദമായിരിക്കുകയാണ്, വിഷയത്തിൽ പ്രതിപക്ഷം മോദി സർക്കാറിനെ കടന്നാക്രമിക്കുകയാണ്.
മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം സമൂഹമാധ്യമമായ എക്‌സിൽ എഴുതി, "താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താഖിയുടെ വാർത്തസമ്മേളനത്തിൽ നിന്ന് വനിത മാധ്യമപ്രവർത്തകരെ മാറ്റിനിർത്തിയെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. പുരുഷ മാധ്യമപ്രവർത്തകർ വാർത്തസമ്മേളനം ബഹിഷ്‌കരിക്കണമായിരുന്നു എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം."
ചിദംബരത്തിന് പുറ, ടി.എം.സി എം.പി മഹുവ മൊയ്‌ത്രയും വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചു. ഒരു വിഡിയോ പുറത്തിറക്കിക്കൊണ്ട് അവർ പറഞ്ഞു, ‘സ്ത്രീ മാധ്യമപ്രവർത്തകരെ ഒഴിവാക്കി താലിബാൻ വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയിൽ പത്രസമ്മേളനം നടത്താൻ നമ്മുടെ സർക്കാർ എങ്ങനെയാണ് അനുമതി നൽകിയത്? എസ്. ജയ്ശങ്കറിനെപ്പോലുള്ള ഒരു വിദേശകാര്യ മന്ത്രി എങ്ങനെയാണ് ഇതിന് സമ്മതിച്ചത്? അത്തരം നിബന്ധനകൾ അംഗീകരിക്കാൻ അദ്ദേഹം എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ പുരുഷ പത്രപ്രവർത്തകർ എന്ന് വിളിക്കപ്പെടുന്നവർ എന്തിനാണ് മൗനം പാലിച്ചത്?’
ന്യൂഡൽഹിയിൽ നടക്കുന്ന ഏതെങ്കിലും വിദേശ പരിപാടിയിൽ നിന്നോ മാധ്യമ സമ്മേളനത്തിൽ നിന്നോ വനിത മാധ്യമപ്രവർത്തകരെ ഒഴിവാക്കുന്നത് അപൂർവമാണ്. മുത്താഖിയുടെ പരിപാടിയിൽ വനിത മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തില്ലെന്ന് താലിബാൻ ഇന്ത്യൻ ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിച്ചിരുന്നോ എന്ന് നിലവിൽ വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

