ന്യൂഡൽഹി: ക്രിമിനലും അഴിമതിക്കാരനുമാണെന്ന് കണ്ടെത്തിയ ഒരാൾക്ക് എങ്ങനെ രാഷ്ട്രീയ പാർട്ടി തലവനായി തുടരാൻ കഴിയുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശുദ്ധിക്ക് കനത്ത തിരിച്ചടിയാണ് ഇത്തരം പഴുതുകളെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ക്രിമിനലായ ഒരാൾ ഭാരവാഹിയാകുകയോ നയിക്കുകയോ ചെയ്യുന്ന പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസിെൻറ അഭിപ്രായ പ്രകടനം.
ബിഹാറിലെ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, ഹരിയാനയിലെ ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവ് ഒാം പ്രകാശ് ചൗതാല എന്നിവരുടെ പേരുകൾ ഹരജിയിൽ പരാമർശിച്ചിട്ടുണ്ട്. ഇത്തരമൊരു ക്രിമിനൽ ഒരു രാഷ്ട്രീയ പാർട്ടി അധ്യക്ഷനാകുന്നതോടെ തെൻറ പാർട്ടിയുടെ ബാനറിൽ ആര് മത്സരിക്കണമെന്ന് അദ്ദേഹം തീരുമാനിക്കുന്ന സാഹചര്യമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് തുടർന്നു. ജനങ്ങൾ ആർക്ക് വോട്ടുചെയ്യണമെന്ന് ഒരു ക്രിമിനൽ തീരുമാനിക്കുക എന്നത് ജനാധിപത്യത്തിെൻറ അടിസ്ഥാന തത്വങ്ങൾക്കെതിരാണ്.
ക്രിമിനൽ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാൾക്ക് എങ്ങനെ രാഷ്ട്രീയ പാർട്ടിയെ നയിക്കാനും അതിെൻറ സ്ഥാനാർഥികളെ നിർണയിക്കാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ക്രിമിനലായ വ്യക്തിക്ക് തെരെഞ്ഞടുപ്പിൽ മത്സരിക്കാൻ കഴിയില്ലെങ്കിൽ കുറെ ക്രിമിനലുകൾ ചേർന്ന് പാർട്ടിയുണ്ടാക്കി മത്സരിക്കാം. സ്കൂളും ആശുപത്രിയും നടത്തുന്നതുപോലെയല്ല രാഷ്ട്രീയ പാർട്ടികളുണ്ടാക്കുന്നത്. ക്രിമിനലുകൾ പാർട്ടി ഭാരവാഹികളാകുന്നത് തടയുന്ന കാര്യം രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.