കർഷകസമരം: റോഡ് അനന്തമായി അടച്ചിടാനാവില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കർഷക സമരത്തെ തുടർന്നുണ്ടായ റോഡ് അടക്കലിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഇതിനെതിരെ വാക്കാൽ പരാമർശവും കോടതി നടത്തി. കേന്ദ്രസർക്കാറിന്‍റെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായി ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തെ തുടർന്നാണ് റോഡുകൾ അടച്ചത്.
നോയിഡ സ്വദേശിയായ മോണിക്ക അഗർവാൾ നൽകിയ ഹരജി പരിഗണിക്കുേമ്പാഴാണ് സുപ്രീംകോടതി പരാമർശം. റോഡ് അടച്ചതിനാൽ യാത്ര വൈകുന്നുവെന്നായിരുന്നു മോണിക്കയുടെ പരാതി. ജസ്റ്റിസ് സഞ്ജയ് കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. റോഡുകൾ അനന്തമായി അടച്ചിടാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പ്രശ്നങ്ങൾ കോടതിയിലോ പാർലമെന്റിലെ ചർച്ചകളിലൂടെയോ പരിഹരിക്കണമെന്നും കോടതി വ്യക്തമാക്കി.
കാർഷിക നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതാധികാര സിമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ, കർഷക സംഘടനകൾ ചർച്ചകളുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഷഹീൻബാഗ് പ്രക്ഷോഭസമയത്തും സുപ്രീംകോടതി സമാനനിരീക്ഷണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

