കോണ്‍ഗ്രസ് എംപി ബിജെപി എംഎല്‍എയായപ്പോൾ അസമിൽ സംഭവിച്ചത്? മുസ്‍ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ ചുവടുറപ്പിച്ച് ബിജെപി
text_fieldsദെബാശിഷ് ശർമ (ബി.ജെ.പി), ബദറുദ്ദീൻ അജ്മൽ (എ.ഐ.യു.ഡി.എഫ്), സിബാമണി ബോറ (കോൺഗ്രസ്)
ഗുവാഹത്തി: അസമിലെ മുസ്‍ലിം ഭൂരിപക്ഷമുള്ള നാഗോൺ ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ദെബാശിഷ് ശർമയുടെ വിജയം കോൺഗ്രസിന് തിരിച്ചടിയായി.
കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ 1,42,224 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ബി.ജെ.പി സ്ഥാനാര്‍ഥി ജയിച്ചു കയറി. ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) നേതാവ് ബദറുദ്ദീൻ അജ്മലിനെയാണ് തോൽപ്പിച്ചത്. കെട്ടിവെച്ച പണം പോലും നഷ്ടമായ കോൺഗ്രസ് സ്ഥാനാർഥി സിബാമണി ബോറ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ മാസം ജില്ല കമീഷണർ പദവിയിൽ നിന്ന് സ്വയംവിരമിച്ച് ബി.ജെ.പിയിൽ ചേർന്ന ദെബാശിഷ് ശർമ, നാഗോണിലും അയൽ ജില്ലയായ മൊറിഗോണിലും നടത്തിയ ഒഴിപ്പിക്കൽ നടപടികളുടെ പേരിൽ വൻ വിമർശനം നേരിട്ട ഉദ്യോഗസ്ഥനാണ്. ശർമ നാഗോൺ ജില്ല കമീഷണറായിരിക്കെ, 2022 -25 കാലയളവിൽ ആയിരക്കണക്കിന് മുസ്‍ലിംകൾക്കാണ് കിടപ്പാടം നഷ്ടമായത്. കുടിയൊഴിപ്പിക്കൽ അദ്ദേഹത്തിന് തിരിച്ചടിയാകുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ശർമ്മ 6,77,258 വോട്ടുകളും അജ്മൽ 5,04,731 വോട്ടുകളും നേടിയപ്പോൾ ബോറയ്‌ക്ക് 1,20,123 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് നേതാവായിരുന്ന പ്രദ്യോത് ബോർദോലോയ് ആണ് 2019 ലും 2024 ലും നാഗോണിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബോർദോലോയ് ബി.ജെ.പിയിൽ ചേർന്നു. ഇതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബോർദോലോയ് പിന്നീട് ദിസ്പൂര്‍ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ച് നിയമസഭയിലെത്തി.
ബിജെപിയുടെ വോട്ട് വിഹിതം 2024-ലെ 37 നിന്ന് ഇത്തവണ ഏകദേശം 52 ശതമാനമായാണ് ഉയർന്നത്. കോൺഗ്രസിന് 50 ശതമാനത്തിനുമേൽ ഉണ്ടായിരുന്ന വോട്ടുവിഹിതം വെറും ഒമ്പത് ശതമാനത്തിലേക്ക് ചുരുങ്ങി.
എട്ട് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന നാഗോൺ ലോക്സഭ മണ്ഡലത്തിൽ 19 ലക്ഷം വോട്ടർമാരാണുള്ളത്. അതിൽ പകുതിയും മുസ്‍ലിങ്ങളാണ്. ഇതിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചിരുന്നു.
അതേസമയം, ബി.ജെ.പിയുടെ വിജയത്തിന് സഹായിച്ചത് വോട്ടുകൾ ഭിന്നിച്ചതാണെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും (എ.പി.സി.സി) എം.പിയുമായ ഗൗരവ് ഗൊഗോയ് പറഞ്ഞു. എ.ഐ.യു.ഡി.എഫ് നേതാവ് ബദറുദ്ദീൻ അജ്മലും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, ബദറുദ്ദീൻ അജ്മലും കോൺഗ്രസ് സ്ഥാനാർഥി ബോറയും മത്സരിച്ചതോടെ മുസ്‍ലിം വോട്ടുകൾ ഭിന്നിച്ചെന്നും ഇതും ബി.ജെ.പിയുടെ വിജയത്തിന് കാരണയെന്ന് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി. കൂടുതൽ ഒഴിപ്പിക്കൽ നടപടികൾ ഉണ്ടാകുമെന്ന ഭയം കൊണ്ടാണ് മുസ്‍ലിങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്തതെന്ന് പാർട്ടിയിലെ ഉന്നതൻ വ്യക്തമാക്കിയതായി ഡെക്കാൻ ക്രോണിക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോൺഗ്രസിന് ലഭിച്ച വോട്ടിന് പരിശോധിക്കുമ്പോൾ വോട്ട് ഭിന്നിക്കൽ മാത്രമാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണമെന്ന് പറയാനാകില്ലെന്നാണ് ഗുവാഹത്തി സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രഫ. വികാഷ് ത്രിപാഠിയുടെ വിലയിരുത്തൽ. ബംഗാൾ സംസാരിക്കുന്ന മുസ്‍ലിം വോട്ടർമാർ എ.ഐ.യു.ഡി.എഫിനെ ബി.ജെ.പിക്ക് പകരമായി കണ്ടിരുന്നില്ലെന്നും അദ്ദേഹം വിലയിരുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

