എന്തുകൊണ്ട് വന്ദേമാതരം നിർബന്ധിച്ച് പാടിക്കാനാവില്ല? ടി.എം. കൃഷ്ണയുടെ ഹരജിയും 1986 ലെ 'ബിജോയ് ഇമ്മാനുവൽ' വിധിയും
text_fieldsന്യൂഡൽഹി: ദേശീയ ഗാനമായ വന്ദേമാതരം ആലപിക്കാൻ വിസമ്മതിക്കുന്ന ഒരു വ്യക്തിയെ ശിക്ഷിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ, ഇന്ത്യയിലെ മത-ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ നാഴികക്കല്ലായ 1986-ലെ 'ബിജോയ് ഇമ്മാനുവൽ കേസ്' വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്. പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ സമർപ്പിച്ച ഹരജി പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
ദേശീയ ഗാനമായ വന്ദേമാതരത്തെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ പാസാക്കിയ 'പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്ട് (1971)' ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ടി.എം. കൃഷ്ണ കോടതിയെ സമീപിച്ചത്. വന്ദേമാതരത്തിലെ അവസാന നാല് വരികൾ ഹിന്ദു ദേവതകളെ പ്രകീർത്തിക്കുന്നതാണെന്നും, ഇത് നിർബന്ധിച്ച് ആലപിപ്പിക്കുന്നത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ഹരജിയിൽ വാദിച്ചു. വാദത്തിനിടെ, ഭരണഘടനാപരമായ തീരുമാനങ്ങൾ പാർലമെന്റാണ് എടുക്കേണ്ടതെന്നും അല്ലാതെ 'നക്സലുകൾ ആഗ്രഹിക്കുന്നതല്ല' എന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചെങ്കിലും, മനസ്സാക്ഷിയുടെ പേരിൽ ദേശീയ ഗാനം പാടാൻ വിസമ്മതിക്കുന്ന പൗരന്മാരുടെ അവകാശം ഉയർത്തിപ്പിടിച്ച 1986-ലെ ബിജോയ് ഇമ്മാനുവൽ വിധി പുതിയ നിയമത്തിലും ബാധകമായിരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ചു.
എന്തായിരുന്നു 1986-ലെ ബിജോയ് ഇമ്മാനുവൽ കേസ്?
കേരളത്തിൽ നിന്നുള്ള ഒരു സ്കൂൾ സ്വീകരിച്ച അച്ചടക്ക നടപടിയാണ് ഒടുവിൽ ഇന്ത്യൻ ഭരണഘടനാ ചരിത്രത്തിലെ സുവർണ അധ്യായമായി മാറിയത്. 'യഹോവയുടെ സാക്ഷികൾ' എന്ന ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ബിജോയ്, ബിനുമോൾ, ബിന്ദു എന്നീ മൂന്ന് കുട്ടികളാണ് സ്കൂൾ അസംബ്ലിയിൽ ദേശീയ ഗാനമായ 'ജനഗണമന' പാടാൻ വിസമ്മതിച്ചത്. സ്രഷ്ടാവായ യഹോവയെയല്ലാതെ മറ്റാരെയും ആരാധിക്കാനോ സ്തുതിക്കാനോ തങ്ങളുടെ മതവിശ്വാസം അനുവദിക്കുന്നില്ലെന്നായിരുന്നു കുട്ടികളുടെ നിലപാട്. എന്നാൽ, അവർ ദേശീയ ഗാനത്തെയോ അതിന്റെ വരികളെയോ ഒരിക്കലും അനാദരിച്ചില്ല. അസംബ്ലിയിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ ഇവർ പൂർണമായ ആദരവോടെ എഴുന്നേറ്റു നിൽക്കാറുണ്ടായിരുന്നു. വർഷങ്ങളോളം ആരും എതിർക്കാതിരുന്ന ഈ പതിവ് 1985 ജൂലൈയിൽ ഒരു എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചതോടെയാണ് വിവാദമായത്.
തുടർന്ന് അന്വേഷണം നടത്തിയ കമ്മീഷൻ, കുട്ടികൾ നിയമം അനുസരിക്കുന്നവരാണെന്നും ദേശീയ ഗാനത്തോട് യാതൊരു അനാദരവും കാട്ടിയിട്ടില്ലെന്നും റിപ്പോർട്ട് നൽകി. എങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഹെഡ്മിസ്ട്രസ് 1985 ജൂലൈ 26-ന് ഈ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കി. കേരള ഹൈകോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നടപടി ശരിവെച്ചതോടെ കുട്ടികളുടെ പിതാവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം (ആർട്ടിക്കിൾ 19(1)(a)), മനസ്സാക്ഷിയുടെയും മതസ്വാതന്ത്ര്യത്തിന്റെയും അവകാശം (ആർട്ടിക്കിൾ 25(1)) എന്നിവ ഉയർത്തിക്കാട്ടി 1986 ആഗസ്റ്റ് 11-ന് ജസ്റ്റിസുമാരായ ഒ. ചിന്നപ്പറെഡ്ഡി, എം.എം. ദത്ത് എന്നിവരടങ്ങിയ ബെഞ്ച് ചരിത്രപ്രസിദ്ധമായ വിധി പുറപ്പെടുവിച്ചു:
"നമ്മുടെ പാരമ്പര്യം സഹിഷ്ണുത പഠിപ്പിക്കുന്നു; നമ്മുടെ തത്ത്വചിന്ത സഹിഷ്ണുത പ്രസംഗിക്കുന്നു; നമ്മുടെ ഭരണഘടന സഹിഷ്ണുത പ്രാവർത്തികമാക്കുന്നു; നമുക്കതിനെ നേർപ്പിക്കാതിരിക്കാം."
ദേശീയ ഗാനത്തോട് ആദരവ് പ്രകടിപ്പിക്കുന്നതും അത് നിർബന്ധിച്ച് പാടുന്നതും തമ്മിൽ വലിയ അന്തരമുണ്ടെന്ന് സുപ്രീം കോടതി അന്ന് ചൂണ്ടിക്കാട്ടി. ഒരു വ്യക്തി ബഹുമാനത്തോടെ എഴുന്നേറ്റു നിൽക്കുകയും എന്നാൽ പാട്ടിൽ പങ്കുചേരാതിരിക്കുകയും ചെയ്താൽ അത് ദേശീയ ഗാനത്തോടുള്ള അനാദരവായി കാണാനാവില്ല. ഇതിന് വിരുദ്ധമായി നിർബന്ധിച്ച് പാടണമെന്ന് അനുശാസിക്കുന്ന യാതൊരു നിയമവും നിലവിലില്ലെന്നും, സ്കൂളുകളുടെ വകുപ്പുതല സർക്കുലറുകൾ ഉപയോഗിച്ച് പൗരന്റെ മൗലികാവകാശങ്ങളെ ഹനിക്കാനാവില്ലെന്നും കോടതി അടിവരയിട്ടു.
- മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം: ആദരവോടെ എഴുന്നേറ്റു നിന്നാൽ മതി; ദേശീയ ഗാനം നിർബന്ധിച്ച് പാടണമെന്ന് ഒരു നിയമവുമില്ല.
- മൗലികാവകാശ സംരക്ഷണം: ആർട്ടിക്കിൾ 19(1)(a) (ആവിഷ്കാര സ്വാതന്ത്ര്യം), ആർട്ടിക്കിൾ 25(1) (മതസ്വാതന്ത്ര്യം) എന്നിവ ഹനിക്കാൻ വകുപ്പുതല സർക്കുലറുകൾക്കാവില്ല.
- കോടതി നിരീക്ഷണം: ഒരു വിശ്വാസം ശരിയോ തെറ്റോ എന്നതല്ല, അത് മനസ്സാക്ഷിയോടെ പിന്തുടരുന്ന ഒന്നാണോ എന്നതാണ് പ്രധാനം.
- വന്ദേമാതര വിവാദം: പുതിയ നിയമഭേദഗതി കൊണ്ടുവരുമ്പോഴും പൗരന്റെ മനസ്സാക്ഷിയുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് സുപ്രീം കോടതി.
വന്ദേമാതര കേസിൽ ഈ വിധി പ്രസക്തമാകുന്നത് എങ്ങനെ?
ബിജോയ് ഇമ്മാനുവൽ കേസ് ഇന്നും രാജ്യത്തെ നിയമമായി മാറ്റമില്ലാതെ തുടരുന്നതിനാൽ, വന്ദേമാതര വിവാദത്തിലും അതിന്റെ അടിസ്ഥാന തത്വം ബാധകമാണെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ഒരു വ്യക്തി തന്റെ മനസ്സാക്ഷിക്ക് നിരക്കാത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയാളെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടക്കാൻ ഭരണകൂടത്തിന് കഴിയില്ലെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു.
ഒരു ദേവതയെ പ്രകീർത്തിക്കുന്ന വരികൾ പാടാൻ പൗരന്മാരെ നിർബന്ധിക്കുന്നത് ആശയപരവും ഭക്തിപരവുമായ ചടങ്ങിൽ പങ്കെടുക്കാൻ ജനങ്ങളെ നിർബന്ധിക്കുന്നതിന് തുല്യമാണെന്നും, ഇത് ഭരണഘടനയുടെ അനുച്ഛേദം 19(1)(a), 25(1) എന്നിവയുടെ വ്യക്തമായ ലംഘനമാണെന്നുമാണ് ടി.എം. കൃഷ്ണയുടെ പ്രധാന വാദം. 40 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ മൂന്ന് സ്കൂൾ കുട്ടികൾ തങ്ങളുടെ മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തിനായി നടത്തിയ നിയമപോരാട്ടം, ഇപ്പോൾ വന്ദേമാതരവുമായി ബന്ധപ്പെട്ട പുതിയ കേന്ദ്ര നിയമത്തിന്റെ സാധ്യതകളെയും അതിരുകളെയും നിർണയിക്കുന്ന സുപ്രധാന ആയുധമായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

