'പതിനായിരം രൂപ സഹായം ലഭിക്കും'; വാഗ്ദാനവുമായി എത്തിയവർ വീട്ടമ്മമാരുടെ നമ്പർ വാങ്ങി, പിന്നാലെ മെസ്സേജ്, 'നിങ്ങൾ ബി.ജെ.പിയിൽ അംഗമായിരിക്കുന്നു'
text_fieldsചെന്നൈ: ജീവകാരുണ്യ സംഘടനയുടെ പേരിൽ വീടുകൾ തോറും കയറിയ സംഘം വ്യാജ വാഗ്ദാനങ്ങൾ നൽകി വീട്ടമ്മമാരെ കൊണ്ട് ബി.ജെ.പിയുടെ അംഗത്വമെടുപ്പിച്ചതായി പരാതി. വീട്ടമ്മമാർക്ക് ധനസഹായം വാഗ്ദാനം ചെയ്ത് ഫോൺ നമ്പർ സംഘം വാങ്ങിയിരുന്നു. ഒ.ടി.പിയും വാങ്ങി. പിന്നാലെ ബി.ജെ.പിയിൽ അംഗത്വമെടുത്തു എന്ന് കാണിച്ച് മെസ്സേജുകൾ വന്നതോടെയാണ് വിവരം പുറത്തായത്. പുതുച്ചേരിയിലെ മുതിയാൽപേട്ടിലാണ് സംഭവം.
ജീവകാരുണ്യ സംഘടനയിൽ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് ഒരു സംഘം വീടുകൾ തോറും എത്തിയത്. വീട്ടിൽ വിശേഷാവസരങ്ങളിലും അപകടങ്ങൾ സംഭവിച്ചാലും 10,000 രൂപ സഹായം നൽകുമെന്ന് ഇവർ പറഞ്ഞു. ദീപാവലിക്ക് ഇത്തരത്തിൽ സഹായം നൽകുന്നുണ്ടെന്നും അതിനായി ഫോൺ നമ്പർ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വീട്ടമ്മമാർ നമ്പർ നൽകി.
ഇതിന് പിന്നാലെ ഫോണിലേക്ക് വന്ന ഒ.ടി.പി ഈ സംഘം കൈക്കലാക്കി. ഉടൻ തന്നെ 'നിങ്ങൾ ബി.ജെ.പിയിൽ അംഗമായിരിക്കുന്നു' എന്ന് ഫോണുകളിൽ മെസ്സേജ് വന്നെങ്കിലും വീട്ടമ്മമാർ ശ്രദ്ധിച്ചിരുന്നില്ല. ഈ സംഘം ഉടനെ സ്ഥലംവിടുകയും ചെയ്തു. പിന്നീട് മെസ്സേജുകൾ പരിശോധിച്ചപ്പോഴാണ് തങ്ങളെ കബളിപ്പിച്ച് ബി.ജെ.പിയുടെ അംഗത്വമെടുപ്പിക്കുകയായിരുന്നെന്ന് ഇവർക്ക് മനസ്സിലായത്. തുടർന്ന് ഇവർ തങ്ങളുടെ പ്രതിഷേധമറിയിക്കുകയായിരുന്നു. മേഖലയിൽ നൂറിലേറെ പേരെ ഇത്തരത്തിൽ അംഗങ്ങളാക്കിയെന്നാണ് റിപ്പോർട്ടുകൾ.
സമാനമായ രീതിയിൽ കബളിപ്പിച്ച് ബി.ജെ.പി അംഗത്വമെടുപ്പിച്ച സംഭവം ഗുജറാത്തിലുമുണ്ടായിരുന്നു. ഗുജറാത്തിലെ ഗവ. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആളെയാണ് ഫോണിലെ ഒ.ടി.പി വാങ്ങി ബി.ജെ.പി അംഗത്വമെടുപ്പിച്ചത്. ഇത്തരത്തിൽ അംഗത്വമെടുപ്പിച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മെഹ്സാനയിലെ വിസ്നഗർ സിവിൽ ആശുപത്രിയിലാണ് സംഭവം. വികുംഭ് ദർബാർ എന്നയാളാണ് തന്‍റെ ഭാര്യയെയും കൊണ്ട് ആശുപത്രിയിലെത്തിയത്. ഭാര്യക്ക് കുത്തിവെപ്പെടുക്കാനുണ്ടായിരുന്നു. കുത്തിവെപ്പെടുക്കാൻ ചെന്നപ്പോൾ ഫോണിൽ വന്ന ഒ.ടി.പി നൽകാൻ ആശുപത്രി ജീവനക്കാരൻ ആവശ്യപ്പെട്ടു. കുത്തിവെപ്പിന് ഒ.ടി.പി വേണമെന്നാണ് ഇയാൾ പറഞ്ഞത്. ഒ.ടി.പി നൽകിയതും, 'ബി.ജെ.പിയിൽ അംഗത്വമെടുത്തതിന് നന്ദി' എന്ന് പറഞ്ഞ് വികുംഭിന്‍റെ ഫോണിൽ മെസ്സേജ് വന്നു. ഇതോടെ, തന്‍റെ സമ്മതമില്ലാതെ ഒ.ടി.പി ദുരുപയോഗം ചെയ്ത് ബി.ജെ.പി അംഗത്വമെടുപ്പിച്ചതിനെ ഇയാൾ ചോദ്യംചെയ്തു.
വികുംഭ് ജീവനക്കാരനുമായി വാക്കേറ്റമുണ്ടായി. മെഡിക്കൽ ഓഫിസറെ കണ്ടും സംഭവം അറിയിച്ചു. താൻ ഒ.ടി.പി വാങ്ങിയിട്ടില്ലെന്നായിരുന്നു ജീവനക്കാരൻ ആദ്യം പറഞ്ഞത്. എന്നാൽ, തെളിവുകൾ കാണിച്ചതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

