വീട്ടമ്മ വെള്ളത്തിന് പകരം കറിയിൽ ചേർത്തത് ആസിഡ്; കുടുംബത്തിലെ ആറുപേർ ഗുരുതരാവസ്ഥയിൽ
text_fieldsകൊൽക്കത്ത: ആസിഡ് ഒഴിച്ച് പാകംചെയ്ത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ഗുരുതരാവസ്ഥയിൽ.
പശ്ചിമബംഗാളിലെവെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ഘടാലില്‍ നിന്നുള്ള ഒരു കുടുംബത്തിലുള്ളവരാണ് അബദ്ധത്തില്‍ വെള്ളത്തിന് പകരം ആസിഡ് ചേര്‍ത്ത ഉച്ചഭക്ഷണം കഴിച്ചത്. ഘടാലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായതിനാൽ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോഴും ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുടുംബത്തിൽ മൂന്ന് മുതിർന്നവരും മൂന്ന് കുട്ടികളുമാണുള്ളത്.
ഘടാലിലെ മനോഹര്‍പൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള രത്‌നേശ്വര്‍ബതിയിൽ സന്തുവിന്‍റെ കുടുംബത്തിൽ നവംബര്‍ 23നാണ് സംഭവം നടന്നത്.
വെള്ളി ആഭരണപണിക്കാരനാണ് സന്തു. ഇതിനായി വീട്ടിൽ ആസിഡ് സൂക്ഷിക്കാറുണ്ട്. ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ഉണ്ടാക്കിയ കറിയിൽ വീട്ടമ്മ അബദ്ധത്തിൽ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡും വെള്ളവും സൂക്ഷിക്കുന്ന കാനുകൾ ഒരേ പോലെയായതിനാലാണ് അബദ്ധം സംഭവിച്ചതെന്ന് പറയുന്നു. ഉച്ചഭക്ഷണം കഴിച്ചയുടെ കുടുംബത്തിലെ ആറുപേരും അവശനിലയിലാവുകയായിരുന്നു.
ഭക്ഷണം കഴിച്ചയുടനെ ആറ് പേര്‍ക്കും ആദ്യം കടുത്ത വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് കഠിനമായ ചര്‍ദ്ദിയും അനുഭവപ്പെട്ടു. ആദ്യം ഇവരെ ഘടാലിലെ സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആരോഗ്യം വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
കുടുംബത്തിലെ ഒരു കുഞ്ഞിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആസിഡ് പോലുള്ള അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ഗ്രാമവാസികൾക്ക് അധികൃതർ നിർദേശം നൽകി.
കുട്ടികൾ ഉള്ള വീടുകളിൽ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. എന്തായാലും ആസിഡ് കഴിച്ചവരുടെ ആരോഗ്യ നിലയെക്കുറിച്ച് ഇതുവരെ അധികൃതരോ ആശുപത്രിയോ ഔദ്യോഗിക വിശദീകണങ്ങളൊന്നും നൽകിയിട്ടില്ല. ഇനി ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കാനാണ് അധികൃതർ കൂടുതൽ ശ്രദ്ധ പുലർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

