കന്നുകാലിയെ വിറ്റ സ്ത്രീയുടെ വീട് പൊലീസ് കണ്ടുകെട്ടി സീൽ ചെയ്തു
text_fieldsകന്നുകാലികളെ വിറ്റതിന് സുഹറയുടെ വീട് സീൽ ചെയ്തപ്പോൾ
മംഗളൂരു: കന്നുകാലികളെ വിറ്റ സ്ത്രീയുടെ വീട് ധർമ്മസ്ഥല പൊലീസ് സീൽ ചെയ്തു. നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് നടപടി പുത്തൂർ അസി. പൊലീസ് കമ്മീഷണർ സ്റ്റെല്ല വർഗീസ് റദ്ദാക്കി. പശുവിനേയും കിടാക്കളേയും കശാപ്പുകാർക്ക് വിറ്റുവെന്ന് ആരോപിച്ചാണ് പത്രമേ ഗ്രാമത്തിലെ പട്ടുരു നിവാസി സുഹറയുടെ വീട് പൊലീസ് സീൽ ചെയ്തത്.
പൊലീസ് അതിക്രമം സംബന്ധിച്ച് ബെൽത്തങ്ങാടി താലൂക്ക് സി.പി.എം സെക്രട്ടറി അഡ്വ. ബി.എം ഭട്ട് അസി. കമ്മീഷണർക്ക് നിവേദനം നൽകിയിരുന്നു. കന്നുകാലികളെ വിറ്റതിന് വീട് കണ്ടുകെട്ടിയ പൊലീസ് നടപടിയുടെ നിയമസാധുത ഭട്ട് ചോദ്യം ചെയ്തു. വീട് സീൽ ചെയ്തതിനാൽ സ്കൂളിൽ പോകുന്ന രണ്ട് പെൺമക്കളും മറ്റൊരു കുട്ടിയും ഉൾപ്പെടെയുള്ള കുടുംബത്തിന് അഭയം നഷ്ടപ്പെട്ട കാര്യം ചൂണ്ടിക്കാട്ടി. വീട് നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്ന് ആരോപിച്ച് ബെൽത്തങ്ങാടി തഹസിൽദാർക്കും നിവേദനം സമർപ്പിച്ചു.
അഡ്വ.ബി.എം.ഭട്ട് പുത്തൂർ എ.സി സ്റ്റെല്ല വർഗീസിന് നിവേദനം നൽകുന്നു
സുഹറയുടെ കുടുംബം ക്ഷീരകർഷകരാണെന്നും ഒരു പശുവിനെയും രണ്ട് കിടാവിനെയും വിറ്റിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. കന്നുകാലികളെ വാങ്ങുന്നതും വിൽക്കുന്നതും പാൽ ഉൽപാദകരും കർഷകരും തമ്മിൽ സാധാരണമാണെന്നും വാങ്ങുന്നവർ മൃഗങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് വിൽപനക്കാർ ഉത്തരവാദികളല്ലെന്നും അവർ വ്യക്തമാക്കി.
നോട്ടീസോ വിശദീകരണത്തിനുള്ള അവസരമോ ഇല്ലാതെ വീട് പിടിച്ചെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് ബി.എം. ഭട്ട് പറഞ്ഞു. പ്രത്യേകിച്ച് സ്ത്രീയും കുട്ടികളും താമസിക്കുന്ന വീടിൽ കയറി പൊലീസ് നടത്തിയത് ക്രൂരതയാണ്. പശുവിനെ വിൽക്കുന്നത് സ്വത്ത് കണ്ടുകെട്ടലിന് ആവശ്യമായ കുറ്റകൃത്യമായി കണക്കാക്കാനാവില്ല. കന്നുകാലികളെ വിൽക്കുന്നത് അങ്ങനെ കണക്കാക്കിയാൽ എല്ലാ കർഷകരുടെയും കൃഷിയിടങ്ങൾ കണ്ടുകെട്ടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

