വോട്ടെടുപ്പിന് മണിക്കൂറുകൾ മുൻപ് ഫാൽട്ടയിൽ തൃണമൂലിന് സ്ഥാനാർത്ഥിയില്ല; ജഹാംഗീർ ഖാൻ പിന്മാറി
text_fieldsകൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൽട്ട നിയമസഭ മണ്ഡലത്തിൽ നടക്കാനിരുന്ന പുനർവോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗിർ ഖാൻ മത്സരത്തിൽ നിന്ന് പിന്മാറി. അപ്രതീക്ഷിതമായ ഈ തീരുമാനം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ അടുത്ത അനുയായിയായ ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത പിന്മാറ്റം ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഫാൽട്ടയുടെ വികസനത്തിന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രത്യേക പാക്കേജ് വാഗ്ദാനം ചെയ്തതിനാലാണ് വീണ്ടും മത്സരിക്കണ്ടെന്ന് തീരുമാനിച്ചതെന്ന് ജഹാംഗീർ ഖാൻ വ്യക്തമാക്കിയത്. സ്ഥാനാർത്ഥിയുടെ പിന്മാറ്റം വ്യക്തിപരമായ തീരുമാനമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വവും അറിയിച്ചു. എന്നാൽ ജനപിന്തുണ ഇല്ലാതായതും പോളിംഗ് ഏജന്റുമാരെ പോലും കണ്ടെത്താനാകാത്ത അവസ്ഥയുമാണ് ജഹാംഗിർ ഖാനെ പിന്മാറാൻ നിർബന്ധിതനാക്കിയതെന്ന് സുവേന്ദു അധികാരി പരിഹസിച്ചു.
മെയ് 21-നാണ് ഫാൽട്ട മണ്ഡലത്തിൽ പുനർതെരഞ്ഞെടുപ്പ് നടക്കേണ്ടത്. നേരത്തെ നടന്ന തെരഞ്ഞെടുപ്പിനിടെ വ്യാപക ക്രമക്കേടുകൾ, വോട്ടർമാർക്ക് നേരെയുണ്ടായ ഭീഷണികൾ, ബൂത്ത് പിടിത്തം, ഇവിഎം ക്രമക്കേട് ആരോപണങ്ങൾ എന്നിവ വ്യാപകമായി ഉയർന്നിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫാൽട്ട മണ്ഡലത്തിലെ 285 പോളിങ് സ്റ്റേഷനുകളിലെയും വോട്ടെടുപ്പ് റദ്ദാക്കുകയും പുനർവോട്ടെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, ഫാൽട്ട നിയോജകമണ്ഡലത്തില്‍ നൂറിലധികം പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണടക്കുന്നത് തുടരുകയാണെന്നും ടി.എം.സി എക്‌സിലെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറ്റപ്പെടുത്തി. മെയ് 4 ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം ഫാൽട്ട നിയോജകമണ്ഡലത്തിൽ മാത്രം 100-ലധികം പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പാർട്ടി ഓഫീസുകൾ നശിപ്പിക്കുകയും അടച്ചുപൂട്ടുകയും ഭീഷണിപ്പെടുത്തി പട്ടാപ്പകൽ ബലമായി പിടിച്ചെടുക്കുകയും ചെയ്തതായും ടി.എം.സി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

