വരുന്നത് ചൂടൻ ദിനങ്ങളെന്ന്.. ജലസംരക്ഷണം ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് മോദിയുടെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: രാജ്യം വരും നാളുകളിൽ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടേണ്ടി വരുമെന്ന അടിയന്തര മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ 11-ാമത് ഗവേണിങ് കൗൺസിൽ യോഗത്തിൽ സംസാരിക്കവെയാണ്, ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന 'എൽ നിനോ' പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ അടിയന്തരമായി ശക്തമാക്കാൻ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.
കാലാവസ്ഥയിലെ ഇത്തരം മാറ്റങ്ങൾ രാജ്യത്തെ കൃഷിയെയും കാർഷിക ഉത്പാദനത്തെയും ജനങ്ങളുടെ ഉപജീവനത്തെയും ബാധിച്ചേക്കാമെന്ന് മോദി ചൂണ്ടിക്കാട്ടി.എല്ലാ 28 സംസ്ഥാനങ്ങളിലെയും 5 കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് പ്രധാനമന്ത്രി കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്.
പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തും കിഴക്കൻ ഭാഗത്തും സമുദ്രോപരിതലത്തിലെ ജലം അസാധാരണമാംവിധം ചൂടുപിടിക്കുന്ന ആഗോള പ്രതിഭാസമാണ് 'എൽ നിനോ'. ആഗോള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (ഡബ്ല്യൂ.എം.ഒ) റിപ്പോർട്ടുകൾ പ്രകാരം, ഈ എൽ നിനോ പ്രതിഭാസം വരും മാസങ്ങളിലും ശക്തമായി തുടരാനാണ് സാധ്യത. ജപ്പാന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം എൽ നിനോ ഭീഷണി ഉയർത്തുന്നതാണ്. ഇത് സാധാരണയായി ഇന്ത്യൻ മൺസൂൺ മഴയുടെ ശക്തി കുറക്കാൻ കാരണമാകുന്നു. ഈ പ്രതിഭാസം മൂലം മഴയുടെ അളവ് ഗണ്യമായി കുറയാം. നീണ്ടുനിൽക്കുന്ന വരൾച്ചക്കും സാധ്യതയേറുന്നു. ഈർപ്പമുള്ള കാറ്റിന്റെ ശക്തി കുറയുന്നതിലൂടെ കൃഷിക്കാവശ്യമായ മഴ ലഭിക്കാതെ വരുന്നു. ഈ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിച്ചുകൊണ്ട് മാത്രമേ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാൻ സാധിക്കൂ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച ലോകത്തിന് തന്നെ മാതൃകയാണ്. പുനരുപയോഗ ഊർജം, പുത്തൻ സാങ്കേതികവിദ്യകൾ എന്നിവയിൽ സംസ്ഥാനങ്ങൾ ആഗോള മാതൃകകൾ പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയെ ഒരു ഭീഷണിയായല്ല, മറിച്ച് വലിയൊരു അവസരമായാണ് ഇന്ത്യ കാണേണ്ടതെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. എന്നാൽ, സാങ്കേതികവിദ്യ വളരുമ്പോൾ തന്നെ സൈബർ തട്ടിപ്പുകൾ, ലഹരിമരുന്ന് ഉപയോഗം തുടങ്ങിയ സാമൂഹിക വെല്ലുവിളികൾക്കെതിരെ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സാങ്കേതിക വിദ്യകൾ വഴി തുറക്കുന്ന തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവാക്കളുടെ നൈപുണ്യ വികസനത്തിനായി സംസ്ഥാനങ്ങൾ കൂടുതൽ നിക്ഷേപം നടത്തണമെന്നും യോഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

