കുട്ടിയെ കാണാതായാൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കണം; കുട്ടിക്കടത്തിനെതിരെ സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ആശുപത്രിയിൽ നിന്ന് നവജാത ശിശു കാണാതായാൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കണമെന്നും കുട്ടികളെ കടത്തുന്നതിനെതിരെ കര്‍ശന നടപടി വേണമെന്നും സുപ്രീംകോടതി. യു.പി.യില്‍ ഒരു ആണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ശേഷം ദമ്പതികള്‍ക്ക് നാല് ലക്ഷം രൂപയ്ക്ക് വിറ്റ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതി രൂക്ഷ വിമര്‍ശനം.
കേസിലെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇത്തരം കേസുകളിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടു.
കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ഉത്തർപ്രദേശ് സർക്കാരിനെ ചൊവ്വാഴ്ച സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും അത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് സംസ്ഥാനങ്ങൾ പാലിക്കേണ്ട കർശന മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.
ഈ പ്രതികൾ സമൂഹത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിച്ചപ്പോള്‍ പ്രതികൾ ആഴ്ചതോറും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവരുടെ സ്ഥിതി പൊലീസ് അറിയുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ജാമ്യാപേക്ഷകള്‍ ഹൈകോടതി ഉദാസീനമായി കൈകാര്യം ചെയ്തുവെന്നും നിരവധി പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. 2020 മുതല്‍ ഏകദേശം 36000 കുട്ടികളെ കാണാതായിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.