ആറ് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ്; അതിവേഗം കുറ്റപത്രം സമർപ്പിച്ച് പഞ്ചാബ് പൊലീസ്
text_fieldsചണ്ഡിഗഢ്: ആറ് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ അതിവേഗം കുറ്റപത്രം സമർപ്പിച്ച് പഞ്ചാബ് പൊലീസ്. 10 ദിവസത്തിനകം കേസിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പഞ്ചാബിലെ ഹോഷിർപൂരിലാണ് ദലിത് പെൺകുട്ടി കൊല്ലപ്പെട്ടത്.
കേസിെൻറ വിചാരണക്കായി ഫാസ്റ്റ് ട്രാക്ക് കോടതി വേണമെന്നും പഞ്ചാബ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെഷ്യൽ പ്രോസിക്യൂട്ടറേയും നിയമിച്ചു. ബലാത്സംഗത്തിനിരയാക്കിയ ശേഷം പെൺകുട്ടിയെ തീകൊളുത്തി കൊല്ലുകയായിരുന്നു. പെൺകുട്ടിയുടെ പാതിവെന്ത ശരീരം ഒരു വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.
ഗുർപ്രീത് സിങ്, സുർജിത് എന്നിവരാണ് കേസിലെ പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ 10 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് നിർദേശം നൽകിയിരുന്നു.

