ഹുർമുസ് പ്രതിസന്ധി: യുദ്ധം നീണ്ടാൽ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതരായേക്കും
text_fieldsന്യൂഡൽഹി: മധ്യേഷ്യയിൽ യുദ്ധം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ എണ്ണ കരുതൽ ശേഖരത്തെ കുറിച്ച് ആശങ്ക വേണ്ടെന്ന് സർക്കാർ അറിയിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകി. 25 ദിവസത്തേക്കാവശ്യമായ എണ്ണ കരുതൽ ശേഖരമായി ഉണ്ടെന്നും ഉടൻ പെട്രോൾ-ഡീസൽ വിലയിൽ വർധന ഉണ്ടാകില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ലോകത്തിന്‍റെ എണ്ണ വ്യാപാരത്തിന്‍റെ പ്രധാന മാർഗമായ ഹുർമുസ് കടലിടുക്ക് യുദ്ധത്തെ തുടർന്ന് ഇറാൻ അടച്ച സാഹചര്യത്തിലാണ് ഇന്ത്യയിൽ എണ്ണ ലഭ്യതയിൽ ആശങ്ക ഉണ്ടായിരിക്കുന്നത്. എന്നാൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. ഇത് ഫെബ്രുവരിയിൽ അമേരിക്കയുമായി ഏർപ്പെട്ട വ്യാപാരക്കരാറിന് എതിരായിരിക്കും. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറക്കുക എന്നത് ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ്. ഹുർമുസ് എണ്ണ വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക് പ്രതിദിനം 2.5 മുതൽ 2.7 ദശലക്ഷം ബാരൽ വരെയാണ്. 2024 അവസാനത്തെ കണക്കുകൾ പ്രകാരം, രാജ്യം പ്രതിദിനം ഉപയോഗിക്കുന്ന ആറ് ദശലക്ഷം ബാരലിന്റെ പകുതിയോളം വരും ഇത്.
മിഡിൽ ഈസ്റ്റിൽനിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടാൽ ഇന്ത്യ വീണ്ടും റഷ്യയെ ആശ്രയിക്കാൻ നിർബന്ധിതരാകും. റഷ്യയിൽ നിന്നുള്ള എണ്ണ ഹുർമുസ് കടലിടുക്ക് വഴിയല്ല വരുന്നത് എന്നതിനാൽ അത് സുരക്ഷിതമാണ്. റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതിലൂടെ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇന്ത്യക്ക് സാധിക്കും. എണ്ണ ക്ഷാമം രൂക്ഷമായാൽ പെട്രോൾ, ഡീസൽ എന്നിവയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താനും പാചകവാതകത്തിന് റേഷൻ ഏർപ്പെടുത്താനും സർക്കാർ ആലോചിച്ചേക്കാം. നിലവിൽ ഇന്ത്യ സുരക്ഷിതമായ അവസ്ഥയിലാണെങ്കിലും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിലെ സാഹചര്യങ്ങളെ നേരിടാൻ ഇന്ത്യ സജ്ജമാണെന്നും രാജ്യത്ത് 25 ദിവസത്തേക്കാവശ്യമായ അസംസ്കൃത എണ്ണ ഉണ്ടെന്നും പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി മാധ്യമങ്ങളെ അറിയിച്ചു. എണ്ണശുദ്ധീകരണശാലകളിലെ സ്റ്റോക്കും ട്രാൻസിറ്റിലുള്ള (കപ്പലുകളിൽ വരുന്ന) എണ്ണയും കൂടി കണക്കിലെടുത്താൽ ഏകദേശം 60 മുതൽ 74 ദിവസം വരെ രാജ്യത്തിന് മുന്നോട്ട് പോകാനാകും. രാജ്യത്തുടനീളമുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ വിതരണവും സ്റ്റോക്കും നിരീക്ഷിക്കുന്നതിനായി മന്ത്രാലയം 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്ന കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുകയെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും ഉയർന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

