കൊടുംചൂടിലും ധരിച്ചത് ഹൂഡി, ജോലി സ്ഥലത്ത് ഫോൺ ഉപേക്ഷിച്ചു; ലോഹഗഡ് കൊലപാതകത്തിൽ സിയയെയും ചേതനെയും പൊലീസ് കുടുക്കിയതിങ്ങനെ
text_fieldsപുണെ: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കണ്ടെത്തിയത് നിർണായക വിവരങ്ങൾ. സി.സി.ടി.വി ദൃശ്യങ്ങളിൽ ജൂൺ മാസത്തിലെ ചൂടിലും ഹൂഡി ധരിച്ച് സിയ ഗോയലിനെയും കേതനെയും പിന്തുടരുന്ന ഒരു യുവാവിനെ കണ്ടെത്തിയതാണ് അന്വേഷണത്തിലെ പ്രധാന വഴിത്തിരിവ്.
26കാരനായ കേതൻ അഗർവാൾ ജൂൺ 18ന് ലോഹഗഡ് കോട്ട സന്ദർശിക്കുന്നതിനിടെയാണ് പാറക്കെട്ടിൽ നിന്ന് താഴേക്ക് വീണ് മരിച്ചത്. പ്രതിശ്രുത വധുവായ സിയ ഗോയൽ ഇത് അപകടമാണെന്ന് പറഞ്ഞെങ്കിലും കുടുംബം സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.
അന്വേഷണത്തിനിടെ ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരാൾ കേതനെയും സിയയെയും പിന്തുടരുന്നതായി കണ്ടെത്തി. ഹൂഡിയുടെ മുൻഭാഗം വളരെ താഴ്ത്തി വെച്ചിരുന്നതിനാൽ മുഖം വ്യക്തമല്ലായിരുന്നു. ഹൂഡിക്ക് മുകളിലായി ഹെഡ്സെറ്റും ധരിച്ചിരുന്നു. മറ്റൊരു സി.സി.ടി.വി ദൃശ്യത്തിൽ സിയ പെട്ടന്ന് തിരിഞ്ഞുനോക്കുന്നതും ഹൂഡി ധരിച്ച വ്യക്തി പെട്ടന്ന് അവിടെതന്നെ ഇരിക്കുന്നതും പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ ജൂൺ 18ന് പ്രദേശത്ത് 33 ഡിഗ്രി ചൂടായിരുന്നുവെന്നും പൊലീസ് പറയുന്നു. ജൂൺ മാസത്തിലെ ഈ കനത്ത ചൂടിൽ ഹൂഡി ധരിച്ച് ട്രെക്കിങ്ങിന് എത്തുന്നത് അസ്വാഭാവികമായതിനാൽ പൊലീസ് ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി. ഇതോടെ ഇയാൾ സിയയുടെ കാമുകനായ ചേതൻ ചൗധരിയാണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു.
കൂടാതെ, ലോഹഗഡ് കോട്ടയിൽ ട്രെക്കിനായി പോയ സിയയുടെ സംഘത്തിനൊപ്പമല്ലായിരുന്നു ചേതൻ. ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത് ഒഴിവാക്കാൻ ചേതൻ തന്റെ ഫോൺ ജോലിസ്ഥലത്ത് വെച്ചിരുന്നു. പകരം മറ്റൊരു ജീവനക്കാരന്റെ ഫോൺ ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. ചേതന്റെ ഫോണിലെ ഇന്റർനെറ്റ് കണക്ഷനും രാവിലെ ഏഴുമുതൽ വൈകിട്ട് 5.40 വരെ ഡിസ്കണക്ടഡ് ആയിരുന്നു. ഇതും പൊലീസിൽ സംശയം ജനിപ്പിച്ചു. ചേതന്റെ നമ്പറിലേക്ക് അന്നേദിവസം കോളുകൾ വിളിച്ച എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തു. ചേതനല്ല കോളുകൾക്ക് മറുപടി നൽകിയതെന്നും പകരം കടയിലെ ജീവനക്കാരാണ് മറുപടി നൽകിയതെന്നും വിളിച്ചവർ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സിയ ഗോയലും ചേതൻ ചൗധരിയും ചേർന്ന് കേതനെ കൊല്ലാൻ മുമ്പ് പല തവണ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു. ലോഹ്ഗഡ് കോട്ടയിലെ സന്ദർശനത്തിനിടെ കേതൻ അഗർവാളിനെ സിയ ഗോയലും ചേതൻ ചൗധരിയും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ട്രക്കിങ്ങിനിടെ സെൽഫി എടുക്കുമ്പോൾ അബദ്ധത്തിൽ വീണതാകാമെന്ന് കരുതിയെങ്കിലും പിന്നീട് ഞെട്ടിക്കുന്ന കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സിയ ഗോയലിനെയും ചേതൻ ചൗധരിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ട്രെക്കിങ്ങിനിടെ സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണാണ് കേതൻ മരിച്ചതെന്നാണ് പൊലീസും കുടുംബാംഗങ്ങളും ആദ്യം കരുതിയത്. മൂന്ന് മണിക്കൂർ നീണ്ട ഓപ്പറേഷന് ശേഷമാണ് കേതന്റെ മൃതദേഹം മലയിടുക്കിൽ നിന്ന് കണ്ടെടുത്തത്. കേതന്റെ അപകടത്തിൽ കുടുംബവും സുഹൃത്തുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ ദുരൂഹതകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. സിയയും കാമുകൻ ചേതൻ ചൗധരിയും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

