തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല: മിശ്ര വിവാഹിതരായ നവദമ്പതികളെ വെട്ടിക്കൊന്നു
text_fieldsതഞ്ചാവൂർ: മിശ്രവിവാഹിതരായ നവ ദമ്പതികളെ വധുവിന്റെ സഹോദരനും സുഹൃത്തും ചേർന്ന് വെട്ടിക്കൊന്നു. ദമ്പതികളെ വിരുന്നിന് ക്ഷണിച്ചാണ് ക്രൂരകൃത്യം നടത്തിയത്. കുംഭകോണത്തിന് സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം. 24 കാരിയായ ദലിത് യുവതി ശരണ്യ, ഭർത്താവ് മോഹൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ സഹോദരൻ ശക്തിവേലും ഇയാളുടെ സുഹൃത്തും യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചയാളുമായ രഞ്ജിത്തും ചേർന്നാണ് കൊലപാതകം നടത്തിയത്. തിരുനെൽവേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവേയാണ് ശരണ്യയും മോഹനും കണ്ടുമുട്ടുന്നത്. ഇരുവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. തുടർന്ന് അഞ്ച് ദിവസം മുമ്പ് വിവാഹിതരായ ശേഷം വീട്ടിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
വിവാഹത്തെക്കുറിച്ച് അറിഞ്ഞ ശരണ്യയുടെ സഹോദരൻ ശക്തിവേൽ, ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞ് വീട്ടിലേക്ക് വരാൻ ശരണ്യയോട് അഭ്യർഥിച്ചു. ഇന്നലെ വൈകിട്ടോടെ വിരുന്നിന് വരണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തുകയായിരുന്നു. ഇതനുസരിച്ച് വീട്ടിലെത്തിയ ശരണ്യയെയും മോഹനെയും സഹോദരനായ ശക്തിവേൽ, സുഹൃത്ത് രഞ്ജിത് എന്നിവർ ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു.
പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശരണ്യയുടെയും മോഹന്‍റെയും മൃതദേഹങ്ങൾ കുംഭകോണം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.