ദുരഭിമാനക്കൊല; പ്രത്യേക നിയമനിർമാണം വേണമെന്ന ആവശ്യവുമായി ടി.വി.കെ സുപ്രീം കോടതിയിൽ
text_fieldsതമിഴക വെട്രി കഴകം പ്രസിഡന്റ് ജോസഫ് വിജയ്
ചെന്നൈ: ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലപാതകങ്ങൾ തടയാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടി.വി.കെ) സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. നിലവിൽ സംസ്ഥാനത്തുള്ള നിയമ വ്യവസ്ഥകൾ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമല്ലെന്നും കുതകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ലഭിക്കുന്ന ശിക്ഷകൾ മാതൃകാപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ്ടി ടി.വി.കെയുടെ പുതിയ നീക്കം.
സോഫ്റ്റ്‌വെയർ എഞ്ചിനീയറും തൂത്തുക്കുടി സ്വദേശിയുമായ കെവിൻ (27)നെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ടി.വി.കെ തെരഞ്ഞെടുപ്പ് ജനറൽ സെക്രട്ടറി ആധവ് അർജുന സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്.
ജൂലൈ 27നാണ് കെവിൻ കൊല്ലപ്പെടുന്നത്. പൊലീസ് ദമ്പതികളുടെ മകളുമായി പ്രണയത്തിലായിരുന്ന കെവിൻ പെൺസുഹൃത്ത് ജോലി ചെയ്തിരുന്ന തിരുനെൽവേലി പാളയംകോട്ടൈയിലുള്ള ആശുപത്രിക്ക് സമീപം കാണാൻ ചെന്നപ്പോൾ സഹോദരൻ സുർജിത്ത് ബലമായി പിടിച്ചുകൊണ്ടുപോയി വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും സുർജിത് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പാളയംകോട്ടൈ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
ടി.വി.കെയെ കൂടാതെ വിടുതലൈ ചിരുതൈഗൽ കക്ഷി (വി.സി.കെ), സി.പി.ഐ, സി.പി.ഐ (എം) എന്നിവയുൾപ്പെടെയുള്ള മറ്റ് പാർട്ടികളും ദുരഭിമാനക്കൊലക്കെതിരെ പ്രത്യേക നിയമനിർമ്മാണം നടത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്. കെവിന്റെ കേസ് ഒറ്റപ്പെട്ടതല്ലെന്ന് തമിഴ്നാട്ടിലെ പ്രമുഖ ആക്ടിവിസ്റ്റുകൾ പറഞ്ഞു. മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ദളിത് അവകാശ സംഘടനയായ 'എവിഡൻസ്'ന്റെ കണക്കുകൾ പ്രകാരം 2015 മുതൽ സംസ്ഥാനത്ത് ഏകദേശം 80തിൽ അധികം ജാതി അടിസ്ഥാനമാക്കിയുള്ള ദുരഭിമാന കൊലപാതകങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

