തിരുനെൽവേലിയിൽ ദുരഭിമാനക്കൊല; ഇതരജാതിക്കാരനെ പ്രണയിച്ച മകളെ അമ്മ കൊലപ്പെടുത്തി
text_fieldsചെന്നൈ: തിരുനെൽവേലിയിൽ ഇതരജാതിക്കാരനെ പ്രണയിച്ച മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യക്ക് ശ്രമിച്ചു. തിരുനെൽവേലി ശീവലപേരി പാലാമടൈ പെരുമാൾ കോവിൽ തെരുവിൽ പേച്ചി- ആറുമുഖ കനി ദമ്പതികളുടെ മകൾ അരുണയാണ് (19) കൊല്ലപ്പെട്ടത്.
കോയമ്പത്തൂരിലെ നഴ്സിങ് വിദ്യാർഥിനിയായ അരുണ സഹപാഠിയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹം വീട്ടുകാർ അംഗീകരിച്ചില്ല. വീട്ടുകാർ മറ്റൊരു വിവാഹാലോചന നടത്തിയെങ്കിലും കാമുകനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്ന് അരുണ ശഠിച്ചു. തുടർന്നാണ് ബുധനാഴ്ച രാത്രി ഉറക്കത്തിലായിരുന്ന അരുണയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കൈഞരമ്പ് മുറിച്ചും വിഷം കുടിച്ചും ആറുമുഖ കനിയും ആത്മഹത്യക്ക് ശ്രമിച്ചു.
വ്യാഴാഴ്ച രാവിലെ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ആറുമുഖ കനി അത്യാസന്ന നിലയിൽ തിരുനെൽവേലി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു.

